ചെങ്ങന്നൂര്‍: ആചാരപ്പെരുമയില്‍ ആലപ്പാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന ആണ്ടിയാര്പടുക്ക ചടങ്ങിനോടനുബന്ധിച്ചുളള ദീപഘോഷയാത്ര ഇന്ന് രാവിലെ 5.30ന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ പുറപ്പെടും.
ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്.ജയശ്രീ, ഉപദേശകസമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് ശ്രീപദം, സെക്രട്ടറി റ്റി.പ്രകാശ്, അംഗങ്ങളായ റ്റി.കെ. മന്മഥന് നായര്‍, എന്‍.ജി. ശിവന്, വിധുകൃഷ്ണന്‍, വിനീത് മോഹന്‍ തുടങ്ങിയവരും, ആലപ്പാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്ര പ്രസിഡന്റ് കെ.സുനീഷ് കൃഷ്ണന്, സെക്രട്ടറി എസ്.പി. സജു, ഭക്തരും ചേര്‍ന്ന് ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും.
ഘോഷയാത്ര ഓച്ചിറ, വളളിക്കാവ്, ആലോചനമുക്ക്, കാക്കത്തുരുത്ത് തുടങ്ങി പതിനാലോളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് അഞ്ച് മണിയോടെ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ എത്തിച്ചേരും. ചടങ്ങിനോടനുബന്ധിച്ച് രാവിലെ ഏഴിനോടെ അഴീക്കല്‍ ശ്രീപൂക്കോട്ട് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ദീപഘോഷയാത്രയും ഇതേസമയം തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ദീപസമര്‍പ്പണം ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര എഒ, ഉപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. 5.05ന് പ്രസിദ്ധമായ ആണ്ടിയാര്‍ പടുക്കയും 6.10ന് സമുദ്രപൂജയും പ്രസാദ സമര്‍പ്പണവും നടക്കും. ചടങ്ങുകള്‍ക്ക് ശൂലപാണി തന്ത്രികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ആലപ്പാട്ട് ക്ഷേത്രത്തില്‍ രാവിലെ 5.40ന് സമൂഹഗണപതിഹോമവും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4.55ന് ആണ്ടിയാര്‍ ദീപവും നടക്കും. ആലപ്പാട്ട് അരയന്മാരും ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രവുമായി അഭേദ്യമായ ബന്ധമാണുളളത്. അരയരുടെ മകളാണ് ശ്രീപാര്‍വ്വതി ദേവീ എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. അതിനാല്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ആലപ്പാട്ട് അരയസമൂഹമാണ് നടത്തിവരുന്നത്.
1800 വര്‍ഷങ്ങള്‍ മുന്‍പ് ആലപ്പാടിന്റെ മണ്ണില്‍ കൈലാസലാഥന്റെ ഇംഗിതപ്രകാരം നടന്ന മകരമത്സ്യ ശാപമോക്ഷത്തെ തുടര്‍ന്ന് അന്നുമുതല്‍ ദേവപ്രീതിക്കായി അരയന്മാര് നടത്തിവരുന്ന സാഗരനിവേദ്യമാണ് ആണ്ടിയാര്പടുക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: