കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന മുദ്ര പതിഞ്ഞ കൊല്ലത്തിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജഗത്പ്രകാശ് നഡ്ഡ ഇന്ന് നഗരത്തിലെത്തും. ആനന്ദവല്ലീശ്വരം വിദ്യാധിരാജാ ആഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് നടക്കുന്ന മഹാസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കൊല്ലം ജനതയുടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയായിരുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കൊല്ലം ആലപ്പുഴ ബൈപ്പാസുകളുടെ രണ്ടാംഘട്ട നിര്‍മ്മണത്തിനാണ് പച്ചക്കൊടി കാട്ടിയത്. പറയുന്നതിലും വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി അനുമതി നല്കുന്ന സര്‍ക്കാരായി ബിജെപി അതിലൂടെ മാറി. 24 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
ബൈപ്പാസ് ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വരവ് പോലും വികസനത്തിന്റെ കൊടുങ്കാറ്റുമായിട്ടായിരുന്നു. കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് അനുമതി നല്കുകമാത്രമല്ല, അതിനുവേണ്ട സ്ഥലം കണ്ടെത്തി, എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ എംപി എന്‍.കെ.പ്രേമചന്ദ്രന് നിര്‍ദേശവും നല്‍കിയാണ് ഗഡ്കരി മടങ്ങിയത്. വികസനത്തിന് പണം ഒരു പ്രശ്നമല്ലെന്നും കേരളത്തിന് എന്തുവിധമുള്ള സഹായവും മോദിസര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞതും കൊല്ലത്തു വച്ചായിരുന്നു. ജലഗതാഗതവും പ്രോത്സാഹിപ്പിക്കേണ്ട സമയമായി.
കൊല്ലത്തിന്റെ മറ്റൊരു പ്രധാന ആവശ്യമായിരുന്ന റെയില്‍വേ രണ്ടാം ടെര്‍മിനലും മോദി സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടം സാക്ഷത്കാരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉപാസന ഹോസ്പിറ്റലിനു സമീപമാണ് രണ്ടാം കവാടം ഉയരുന്നത്. കൊല്ലത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുന്ന പദ്ധതി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ ഇടപെടല്‍ മൂലമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ഒരു എംപി ഒരു ഗ്രാമം ദത്തെടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയിലും ജില്ലയിലെ പനയം, അലയമണ്‍ ഗ്രാമ പഞ്ചായത്തുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ട് പഞ്ചായത്തുകളും മാതൃകാഗ്രാമപഞ്ചായത്തായി മാറുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സ്വച്ഛ്ഭാരത് അഭിയാനില്‍ പ്രധാനമന്ത്രി തന്നെ ചൂലെടുത്തപ്പേള് അതിനൊടൊപ്പം കൊല്ലം ജില്ലയും ചേര്‍ന്നു. കൊല്ലത്തെ സാംസ്കാരിക സംഘടനകള്‍, ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂള്‍ കുട്ടികള്‍, ക്ലബുകള്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധയുവജന സംഘടനകള്‍ എന്നിങ്ങനെ ജില്ലയിലെ സര്വമേഖലകളിലുമുള്ളവര് രംഗത്തിറങ്ങി മാതൃകകാട്ടി.
സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച് നടപ്പാക്കിയ പദ്ധതിയായിരുന്ന ജന്‍ധന്‍ യോജന പാവപ്പെട്ട ജനങ്ങള്‍ക്ക് മുതല്‍കൂട്ടായി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിക്ക് ജില്ലയില്‍ തന്നെ ലക്ഷക്കണക്കിനു പേര് വിവിധ ബാങ്കുകള്‍ വഴി സീറോബാലന്‍സ് അക്കൗണ്ട് എടുക്കുകയും അതുവഴി ലഭിക്കുന്ന ലോണുകളും കരസ്ഥമാക്കി. ജന്‍ധന്‍ യോജനയ്ക്ക് ജില്ലയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ആയിരക്കണക്കിന് ക്യാംമ്പുകളാണ് നടന്നത്.
ജില്ലയില്‍ നടന്ന ദീനദയാല്‍ ഉപാദ്ധ്യായ തൊഴില്‍ മേളയില്‍ ജോലി തേടിയെത്തിയത് പതിനായിരങ്ങളായിരുന്നു. രാജ്യത്തെ മുഴുവന്‍പേര്‍ക്കും ജോലി ലഭ്യമാക്കുക എന്ന ഉദ്ദേശത്തേടെ തുടങ്ങിയ പദ്ധതിക്ക് കേരളത്തില്‍ കുടുംബശ്രീകള്‍ക്കാണ് ചുമതല. പതിനായിരം മുതല്‍ മുകളിലേക്ക് ശമ്പളം കിട്ടുന്ന ജോലികളാണ് ഇതില്‍ കൂടുതലും. രാജ്യത്തെ തന്നെ പ്രമുഖ കമ്പനികളാണ് ജോലി ലഭ്യമാക്കാന്‍ കൊല്ലത്ത് എത്തിയത്.
പെണ്‍കുട്ടികളുടെ ഭാവിജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സുകന്യ സമൃദ്ധി യോജന., ഗ്രാമീണ ജനതയ്ക്ക് ഇടതടവില്ലാതെ വൈദ്യുതി ലക്ഷ്യമാക്കുക എന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികളും കൊല്ലം ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോളിതാ അടല്‍പെന്‍ഷന്‍ പദ്ധതിയും പ്രധാന മന്ത്രി ജീവന് ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിങ്ങനെ ജനോപകാരപ്രദമായ പദ്ധതികളുടെ ജൈത്രയാത്രയുമായി മുന്നോട്ട് പോവുകയാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: