കൊച്ചി: വിദേശത്തിരുന്നും വിദൂരത്തിരുന്നും വീട്ടിലെ ഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യാവുന്ന ‘റോബോടോണ്‍’ വിപണി കീഴടക്കാന്‍ എത്തുന്നു. ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (ടിസ്റ്റ്)എംടെക് ആദ്യവര്‍ഷ വിദ്യാര്‍ത്ഥി പീറ്റര്‍ കെ. ജോസഫാണ് ഈ യന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടിടിസി ലോജിക് ടെക്നോളജിയുടെ ലളിതമായ പതിപ്പ് ഉപയോഗിച്ചാണ് പവര്‍ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയായ പീറ്റര്‍ റോബോടോണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന മൊബൈല്‍ കീ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന റോബോട്ടുകളേക്കാള്‍ ഈ സാങ്കേതികവിദ്യയാണ് റോബോടോണിനെ വ്യത്യസ്തമാക്കുന്നത്.
ഇതിന്റെ സഹായത്തോടെ വിദേശത്തിരുന്നുകൊണ്ടും വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും. കൃഷിയിടത്തെ ജലസേചന സംവിധാനത്തെ വിദൂരതയിലിരുന്നുംകര്ഷകന് നിയന്ത്രിക്കാനാകുമെന്നത് ഇതിന്റെ നേട്ടമാണെന്ന് എറണാകുളം സ്വദേശിയായ പീറ്റര്‍ പറഞ്ഞു.ലോകത്തെ ഏതു ഭാഷയും മനസ്സിലാക്കി ഉപയോക്താവിനോടു സംവദിക്കുന്നതിനുതകുന്ന വോയിസ് പ്ലേ ബാക്ക് സിസ്റ്റത്തോടെയുള്ള റോബോടോണ്‍ വിപണിയിലെത്താന്‍ തയ്യാറാണ്. റോബോടോണിനായി ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ഉടനെ പുറത്തിറക്കുമെന്നും പീറ്റര്‍ വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ ഇലക്ട്രിക് എഞ്ചിനീയറിംഗ് ഏജന്‍സി ഇന്ത്യാക്കാരന്റെ ഈ വര്‍ഷത്തെ മികച്ച പദ്ധതിയായി റോബോടോണിനെ തെരഞ്ഞെടുത്തിരുന്നു. യുവ ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ടെക്നോളജിക്കല്‍ ഇന്നൊവേഷന്‍സും ഇന്ത്യയില്‍ നിന്നുള്ള മികച്ച പദ്ധതിയായി ഇതിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
പീറ്ററിന്റെ സഹപാഠികളായ വരുണ്‍ കൃഷ്ണന്, വിശാഖ് വി, മേരി ജാക്വിലിന് ജോസഫ്, മെറിന് ജേക്കബ്, കീര്‍ത്തി സുരേഷ് എന്നിവരും പ്രോജക്ടിനായി സഹായിച്ചിട്ടുണ്ട്. ഇലക്ടോണിക്സ് വകുപ്പ് മേധാവി പ്രീത തെക്കത്, പവര്‍ ഇലക്ട്രോണിക്സ് കോഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫ. മംഗളാദേവി കെ ടി, പ്രിന്‍സിപ്പല്‍ ഡോ.ഡി വില്‍സണ്‍ എച്ച് വിന്‍സെന്റ് എന്നിവരുടെ മേല്നോട്ടത്തിലാണ്റോബോടോണ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: