പത്തനാപുരം: മദ്യവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച വിളക്കുടിയില്‍ ബിയര്‍,വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നല്കിയ സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ്പ്രകാശ് രാജിവച്ചു. ഭരണപ്രതിപക്ഷ ഭേദമെന്യേ നടന്ന പതിഷേധങ്ങള്ക്കൊടുവിലാണ് രാജി. ഇന്നലെ രാവിലെ സിപിഎം ഏരിയാ കമ്മറ്റിയിലും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ പക്കലും അവര്‍ രാജിക്കത്തു നല്കി.
ഈ സാഹചര്യത്തില്‍ ബിയര്‍ പാര്‍ലര്‍ അനുമതിക്കായി പ്രസിഡന്റും പാര്‍ട്ടി സഖാക്കളും ചേര്‍ന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന വാദം ശരിവെക്കുന്ന നടപടിയാണ് രാജിയെന്ന് വിലയിരുത്തപ്പെടുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ബാര്‍ വിവാദത്തെ തുടര്‍ന്ന് ഭരണസ്തംഭനം നിലനില്‍ക്കുകയായിരുന്നു. 2010ല്‍ എല്‍ഡിഎഫ് ഭരണം നടത്തുമ്പോള്‍ തന്നെയാണു കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയും 2013ല്‍ സമീപത്തുള്ള ബിവറേജിനു ലൈസന്‍സും നല്‍കിയത്. ഒരേ സമയം മദ്യവിരുദ്ധപഞ്ചായത്തായി പ്രഖ്യാപിക്കയും അതേ സമയം ലക്ഷങ്ങള്‍ കോഴ വാങ്ങി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന എല്‍ഡിഎഫ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
അതേസമയം കുന്നിക്കോട് ബിയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നല്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് ഉപരോധം നടത്തിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ മുദ്രാവാക്യം ഉയര്‍ത്തിയശേഷം ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രമേശ് മേലില അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍, രതീഷ് ഇരണൂര്‍, വില്ലൂര്‍ സന്തോഷ്, രാജേഷ് നെടുവത്തൂര്‍, അജേഷ്, അനന്തു വിളക്കുടി, രാജീവ്, ദീപുരാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: