പുനലൂര്‍: തെന്മല, കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ തുടങ്ങിയ മലയോരമേഖലകളില്‍ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച തെന്മല 66 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.രാജു എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളന ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിക്കും.
ചടങ്ങില്‍ ബാബുപ്രസാദ്, എസ്. ജയമോഹന്, ഡോ.എ. കൗശിഗന്, കെ.എന്‍. വാസവന്, കെ. ശശിധരന് തുടങ്ങിയവര്‍ സംസാരിക്കും. തെന്മലയില് 66 കെവി സബ്സ്റ്റേഷന് നിര്‍മ്മിക്കുന്നതിനായുള്ള ഭരണാനുമതി സംസ്ഥാന വൈദ്യുതിബോര്‍ഡ് 1996 ഡിസംബറില്‍ നല്കി. എന്നാല്‍ സബ്സ്റ്റേഷന് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം അഗസ്ത്യമല പരിസ്ഥിതി സംരക്ഷണ പ്രദേശത്തിലുള്പ്പെട്ടിട്ടുള്ളതിനാല് മരം മുറിച്ചുമാറ്റല്‍ ഉള്‍പ്പെടെയുള്ള നിയമതടസങ്ങള്‍മൂലം മാറ്റിവച്ച പദ്ധതി 2008ല്‍ അന്നത്തെ വൈദ്യുതിമന്ത്രി എ.കെ. ബാലന് നിര്‍മ്മാണോദ്ഘാടനം നടത്തി.
എന്നാല്‍ പദ്ധതി നീണ്ടു. 2014 മേയ് മാസം പ്രഖ്യാപിച്ച മിഷന് 676ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നത്. കല്ലട വൈദ്യുതിനിലയില് നിന്നും ഇടമണിലേക്കുപോകുന്ന നിലവിലുള്ള 66 കെവി ഫീഡറില്‍ നിന്നും പുതിയ ടവറുകള്‍ സ്ഥാപിച്ചാണ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇവിടെ നിന്നും തെന്മല ഇക്കോടൂറിസം കേന്ദ്രം, അച്ചന്‍കോവില്‍, അരീപ്പ, കുളത്തുപ്പുഴ, കോട്ടവാസല്‍, തെന്മല ഡാം എന്നീ സ്ഥലങ്ങളിലും വൈദ്യുതി ലഭ്യമാകും. സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിന് സര്‍ക്കാരില്‍ നിന്നും അഞ്ചുകോടി രൂപ ലഭ്യമായിട്ടുള്ളതായും കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: