കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് അനേക വര്‍ഷങ്ങളായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്ന രാജീവ്ഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്കാന് നീക്കം. നാഗ്പൂര്‍ കേന്ദ്രമായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘മെഡിട്രീന’ ഗ്രൂപ്പുമായി ആശുപത്രി മാനേജ്മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. രോഗനിര്‍ണ്ണയത്തിനുള്ള ടെക്നിക്കല്‍ ലാബുകളും സ്കാനിംഗ് സെന്ററുകളും നടത്തി വന്നിരുന്ന മെഡിട്രീന ഗ്രൂപ്പ് അടുത്തിടെയാണ് ആശുപത്രി മേഖലയിലേക്ക് പ്രവേശിച്ചത്.
തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളില്‍ ഇവര്‍ ഇതിനകം ആശുപത്രി സ്ഥാപിച്ചു. ആശുപത്രി വരുമാനത്തിന്റെ 3 ശതമാനം സഹകാരികള്‍ക്ക് നല്‍കുമെന്നാണത്രെ വ്യവസ്ഥ. ടൗണിന്റെ ഹൃദയ ഭാഗത്തായി പതിനയ്യായിരത്തോളം സ്ക്വയര്‍ഫീറ്റിലുള്ള ആശുപത്രിയുടെ ബഹുനില മന്ദിരം മാത്രം വാടകയ്ക്ക് നല്കിയാല് ഇതിലധികം തുക വരുമാനം ലഭിക്കുമെന്നിരിക്കെ നാട്ടുകാര്‍ക്ക് ഏറെ പ്രയോജനകരമായ ആശുപത്രി ലീസിനു നല്‍കാനുള്ള നീക്കം വന്‍ അഴിമതി നടത്തുന്നതിനുവേണ്ടിയാണെന്നാണ് സഹകാരികളുടെ ആക്ഷേപം. മുന്‍ മന്ത്രി ടി.എം.ജേക്കബ് പ്രസിഡന്റായിരുന്ന ആശുപത്രി ഭരണസമിതിയുടെ അദ്ധ്യക്ഷന്‍ നിലവില്‍ മുന്‍ എം.എല്‍.എ. ജോണി നെല്ലൂരാണ്.
അംഗങ്ങളില്‍ മൃഗീയ ഭൂരിപക്ഷം കോണ്‍ഗ്രസിനായതിനാല്‍ ഇക്കാലമത്രയും ഭരണം നടത്തിയിരുന്നതും യു.ഡി.എഫ്. നേതൃത്വമാണ്. കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ ആശുപത്രി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനായി, ഭരണസമിതി അജണ്ട വച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം സഹകാരികള്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ആശുപത്രി ലീസിന് നല്‍കാനുള്ള നീക്കം നിര്‍ജ്ജീവാവസ്ഥയിലായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ സബ് ഗ്രൂപ്പിന്റെ അധീനതയില്‍ കൂത്താട്ടുകുളം ടൗണിന്റെ ഹൃദയ ഭാഗത്തായുള്ള ഭൂമി ഗവണ്മെന്റില് നിന്നും 25 വര്‍ഷത്തേക്ക് ലീസിനെടുത്താണ് സഹകരണ മേഖലയില്‍ ഈ ആശുപത്രിയുടെ പ്രവര്‍ത്തനമാരംഭച്ചത്.
ഉള്‍നാടന്‍-ഗ്രാമീണ-മലയോര പ്രദേശങ്ങളായ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ സാധാരണക്കാരായ ആളുകള്‍ക്ക് ഏറെ പ്രയോജനകരവും ലാഭകരവുമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത മൂലം, നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ചേരിപ്പോരും മാറിമാറി ഭരണം കയ്യാളുന്ന ഇടത്-വലത് മുന്നണികളില്‍ ശക്തമായ സ്വാധീനമുള്ള സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ഭരണാധികാരികളുടെ ഇടപെടലുകളുമാണ് സഹകരണ ആശുപത്രിയെ നഷ്ടത്തിലേക്കെത്തിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട.് എന്നാല്‍ ലീസിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ ഭൂമി ദേവസ്വത്തിലേക്ക് തിരിച്ചുപിടിക്കുന്നതിന് ഹൈക്കോടതിയില്‍ കേസ് നടന്നുവരുന്നതായി അറിയുന്നു. ഇതിനിടയിലാണ് സാധാരണക്കാരുടെ ഓഹരികള്‍കൊണ്ട് കെട്ടിപ്പൊക്കിയ ഈ സ്ഥാപനത്തെ നഷ്ടത്തിലാണെന്ന വ്യാജേന, വിറ്റു കാശാക്കാന്‍ ശ്രമം നടക്കുന്നത്.
മാനേജ്മെന്റിന്റെ ശ്രമം വിജയിച്ചാല്‍ ഇതിന്റെ ഓഹരിയുടമകള്‍ക്കും വാര്‍ഡുകള്‍ സൗജന്യമായി പണിത് കൊടുത്തവര്‍ക്കും എന്താണ് ആശുപത്രിയില്‍ അവകാശമുണ്ടാവുകയെന്നാണ് നാട്ടുകാരുടെ ചോദ്യം. 25 വര്‍ഷത്തിനുശേഷം ഈ ഭൂമിക്ക് ദേവസ്വം അവകാശം ഉന്നയിച്ച് കേസ് നടക്കുന്നതിനിടയില്‍ ഈ സ്ഥാപനം സ്വകാര്യ ലോബിക്ക് കൈമാറുന്നതിന് പിന്നില്‍ ഇതിന്റെ ഇടനിലക്കാര്‍ക്ക് ലക്ഷങ്ങളുടെ സാമ്പത്തികലാഭം ലഭിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: