കോട്ടയം: രാഷ്ട്രപിതാവായ ഗാന്ധിജിയെ ബോധപൂര്‍വ്വം നിരന്തരം അവഹേളിച്ചുകൊണ്ടിരിക്കുന്ന അരുന്ധതി റോയി എഴുതിയ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പാലാ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി, സി.ബി.എസ്.സി., മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്കി. സി.ബി.എസ്.സി. സിലബസിലെ എട്ടാം ക്ലാസ് മലയാള പാഠപുസ്തകത്തില്‍ നാലാം പാഠമായി അരുന്ധതിയുടെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാന് എന്ന കഥയുടെ ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്മാരുടെ കൃതികള്‍ക്കൊപ്പമാണ് അരുന്ധതിയുടെ കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രനേതാക്കളെയും സ്വാതന്ത്ര്യസമരത്തെയും ആദരിക്കണമെന്ന മൗലിക കടമകളെക്കുറിച്ചു വിശദീകരണവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയെ നിരന്തരം അവഹേളിക്കുന്ന അരുന്ധതിയുടെ കൃതി ഉള്‍പ്പെടുത്തിയതിനെ ന്യായീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാഷ്ട്രനേതാക്കളെ അധിഷേപിക്കുന്നതിനെതിരെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അരുന്ധതിയുടെ കൃതി ഉള്‍പ്പെട്ട പ്രസ്തുത പുസ്തകം പിന്‍വലിക്കണമെന്ന് എബി ജെ. ജോസ് ആവശ്യപെട്ടു. ഈ ആവശ്യമുന്നയിച്ചു പ്രതിഷേധം സംഘടിപ്പിക്കാനും ഫൗണ്ടേഷന് തീരുമാനിച്ചു. ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, ഷെജി ആന്റണി, നിതിന്‍, ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: