മണ്ണഞ്ചേരി: അപര്‍ണയുടെ അകാലവേര്‍പാട് തകര്‍ത്തത് നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷ. ആലപ്പുഴ പുന്നമട സായ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്തിനിയായിരുന്ന ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചെമ്പന്തറ പനക്കല്‍ രാമഭദ്രന്റെ മകള്‍ അപര്‍ണ (ശില്പ-17) മെയ് ഏഴിന് പുലര്‍ച്ചെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്.
ദേശീയ ഇനത്തില്‍ ഒരു സ്വര്‍ണവും, ഒരു വെള്ളിയും, രണ്ടു വെങ്കലവും നേടിയ അപര്‍ണയുടെ വേര്‍പാട് നാടിന് തീരാ നൊമ്പരമായി. കൂടെയുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മാനസിക പീഡനം മൂലമാണ് മകള്‍ മരിച്ചതെന്നാണ് അമ്മ പറയുന്നത്. വിഷു ആഘോഷത്തിനായി വീട്ടില്‍ എത്തി മടങ്ങിയ അപര്‍ണ സന്തോഷവതിയായിരുന്നു. സംഭവ ദിവസം രാവിലെ തന്നെ അപര്‍ണ വിളിച്ച് തനിക്കു പനിയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങോട്ട് വരട്ടെ എന്നു ചോദിച്ചപ്പോള്‍ വേണ്ടാ എന്ന് മറുപടി നല്‍കിയതായും ഗീത പറയുന്നു.
എന്നാല്‍ മകളുടെ ശബ്ദത്തില്‍ പതര്ച്ചയുണ്ടായിരുന്നതായും മുതിര്‍ന്ന രണ്ടു കുട്ടികളുടെ പീഡനം അസഹനീയമായിരുന്നതായും അപര്‍ണ പറഞ്ഞു. നേരത്തെ പല തവണ ഇവരുടെ പ്രശ്നങ്ങള്‍ ഗീതയോട് പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് ഗീത സായ് കേന്ദ്രത്തിലെത്തി ബഹളം വച്ചിരുന്നു. എന്നാലും മകള്‍ ആത്മഹത്യ ചെയ്യുമെന്നു താന്‍ കരുതുന്നില്ലെന്നും ഗീത പറയുന്നു.
രാത്രി എട്ടരയോടെ കേന്ദ്രത്തില്‍ നിന്നും മേട്രന് വിളിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ എത്തുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചതല്ലെന്നും എന്നാല്‍ ഗത്യന്തരമില്ലാതെ താന്‍ മരിക്കുകയാണെന്നും മകള്‍ തന്നോട് പറഞ്ഞതായി ഗീത പറയുന്നു. അഞ്ചു വര്‍ഷമായി സായി കേന്ദ്രത്തില്‍ പരിശീലനത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: