കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ കോട്ടയം മാലിന്യമുക്തിക്കൊരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സീറോ വെയ്സ്റ്റ് പദ്ധതിക്ക് തുടക്കമാകും. ഇതിന് മുന്നോടിയായി ക്രിയാത്മക കര്‍മ്മ പദ്ധതി ആവിഷ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ റെസിഡന്റസ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓപ്പണ്‍ ഫോറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ യു.വി. ജോസ് പദ്ധതി വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണം, ശുചിത്വമിഷന്, വിദ്യാഭ്യാസം തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുക.
ജില്ലയിലെ മുഴുവന്‍ ആളുകളും പങ്കാളിയാകുന്ന സീറോ വെയിസ്റ്റ് പദ്ധതിക്ക് മുന്നോടിയായി സ്കൂളുകളിലും കോളേജുകളിലും മാലിന്യ സംസ്കരണ പ്രചരണം നടത്തണമെന്ന അഭിപ്രായമുയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരില്‍ മാലിന്യ സംസ്കരണ സംസ്കാരം വളര്‍ത്താനും ഇത് സഹായിക്കുമെന്നും ഫോറം അഭിപ്രായപ്പെട്ടു. ഉത്സവ മേഖലകള്‍ കേന്ദ്രീകരിച്ചും പ്രചരണം നടത്തും. ഓട്ടോറിക്ഷ തൊഴിലാളികള്‍, അധ്യാപകര്‍, പോലീസ് എന്നിവരെ മാലിന്യ നിര്‍മ്മാര്‍ജന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തും. പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മാലിന്യ സംസ്കരണത്തിന് പ്രത്യേക പ്രോജക്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ ആവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം ചെയ്തു.
ബഹുജന പങ്കാളിത്തത്തോടെ ജില്ലയെ സീറോ വെയിസ്റ്റ് ജില്ലയാക്കാനും മാലിന്യസംസ്കരണം ഒരു സംസ്കാരമായി സമൂഹത്തില്‍ വളര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമഗ്ര പദ്ധതിയാണ് ഇതിനായി ആവിഷ്കരിക്കുക. മാലിന്യം കഴിയുന്നത്ര ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനാണ് ശ്രമിക്കുക. എന്നാല്‍ സ്ഥലപരിമിതിയുള്ളവരുടെയും മാര്‍ക്കറ്റ് പ്രദേശങ്ങളുടെയും മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. വെയിസ്റ്റ് വില കൊടുത്ത് വാങ്ങി വിവിധ സംസ്കരണ ഏജന്‍സികള്‍ക്ക് നല്‍കാനും ആലോചനയുണ്ട്. ജലസ്രോതസ്സുകളിലെ മാലിന്യ നിവാരണത്തിനും ആശുപത്രി കേന്ദ്രീകരിച്ചുള്ള സംസ്കരണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കും.
വലിയ പങ്കാളിത്തമാണ് ഓപ്പണ്‍ ഫോറത്തിന് ലഭിച്ചത്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ചങ്ങനാശ്ശേരി, പൂഞ്ഞാര്‍ ഭാഗം മുതല്‍ നാനാഭാഗങ്ങളില്‍ നിന്ന് റെസിഡന്റ് അസോസിയേഷന് ഭാരവാഹികളും വ്യാപാര-വ്യവസായ-സന്നദ്ധ-രാഷ്ട്രീയ സംഘടനാ പ്രതിനിധികളും ഫോറത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റ്റിജി തോമസ്, ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് എംഡി ജോര്‍ജ് കുളങ്ങര തുടങ്ങി ഒട്ടേറെ പ്രമുഖരും പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ഓപ്പണ്‍ ഫോറത്തില്‍ അവസരം ലഭിച്ചു. ഇന്നലെ (മെയ് ആറ്) വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ എന്നിവരോടൊപ്പം വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ ആര് മോഹനന്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എഡിസി (ജനറല്‍) മുഹമ്മദ് ജാ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: