എരുമേലി: ലോകത്തിനു മുന്നില്‍ സമാധാനത്തിന്റെ കരങ്ങളാല്‍ സ്പര്ശനമേകാനായി ധര്‍മ്മരക്ഷയ്ക്ക് കാഹളം മുഴക്കി എരുമേലിയിലെ സന്യാസി സമ്മേളനം ശ്രദ്ധേയമായി. ഇന്നലെയും ഇന്നുമായി നടക്കുന്ന സമ്മേളനത്തിനെത്തിയ സന്യാസി ശ്രേഷ്ഠര്‍ക്ക് ചരിത്രപുരുഷനായ അയ്യപ്പസ്വാമിയുടെ ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്കി. 10ന് നടന്ന സദ്ഭാവനാ യജ്ഞത്തെ തുടര്‍ന്ന് ബാലഗോകുലം, രക്ഷകര്‍തൃസമിതി, ഹിന്ദു ഐക്യവേദി, രാഷ്ട്രീയ സ്വയംസേവക സംഘം, ബിജെപി, വിഎച്ച്പി, സാമുദായിക സംഘടനകള്‍ എന്നിവര്‍ മാല ചാര്‍ത്തി സന്യാസി ശ്രേഷ്ഠരെ സ്വീകരിച്ചു.
വിവിധ സംഘടനാ പ്രതിനിധികളായ വി.ആര്. രതീഷ്, വി.സി. അജി, എസ്. മനോജ്, കണ്ണന് ചോറ്റി, ആര്. ഹരിലാല്‍, ടി.കെ. കൃഷ്ണന്‍കുട്ടി, എസ്. രാജന്, രേവതി എസ്. രാജ്, കെ.ബി.ഗായത്രി, വിദ്യാ അജി, ശ്രീകലാ പ്രമോദ്, കെ. രാഗിണി, ടി.പി. പ്രസാദ് എന്നിവര്‍ വലിയമ്പലത്തില്‍ നിന്നുള്ള സ്വീകരണ പരിക്രമയ്ക്ക് നേതൃത്വം നല്കി.
സനാതനധര്മ്മത്തിലേക്കുള്ള മാറ്റത്തിന് തിരിതെളിഞ്ഞു: സന്യാസിസഭ
എരുമേലി: നിരീശ്വരവാദികള്‍ക്കുപോലും വഴിതെറ്റിക്കാന്‍ കഴിയാത്തവിധം ഹൈന്ദവസമൂഹം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ സനാതന ധര്‍മ്മത്തിലേക്കുള്ള മാറ്റത്തിന് തിരിതെളിഞ്ഞിരിക്കുകയാണെന്ന് മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന സന്ന്യാസി സമ്മേളനത്തില്‍ സന്യാസിശ്രേഷ്ഠര്‍ അഭിപ്രായപ്പെട്ടു.
ധര്മ്മശാസ്ത്രപഠനവും പ്രചാരണവും സന്യാസി സമൂഹം ഏറ്റെടുക്കുന്നതോടൊപ്പം ധാര്‍മ്മികമായി സമൂഹത്തെ നയിക്കാന്‍ സന്യാസിമാര്‍ സജ്ജരാകണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രീയമതബോധം വളര്‍ത്താന്‍ സന്യാസിമാര്‍ സാമൂഹിക പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടണമെന്നും ഇതിലൂടെ ധര്‍മ്മത്തെ സംരക്ഷിക്കുന്ന സ്വഭാവശുദ്ധിയുള്ളതും വിശ്വാസവും കെട്ടുറപ്പുള്ളതും ആയ യുവജനതതിയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സന്യാസിശിബിരവും ഉദ്ദേശവും എന്ന വിഷയത്തില്‍ ചെമ്പ് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സനാതനാനന്ദപുരി വിഷയാവതരണം നടത്തി. കൊല്ലം സ്വരൂപാനന്ദഗിരിസ്വാമി അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ ലോകം സാമൂഹ്യകാര്യത്തില് സന്യാസികള്‍ എന്ന വിഷയത്തില്‍ നിലമ്പൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി വിഷയാവതരണം നടത്തി. ശിവഗിരിമഠത്തിലെ സുകൃതാനന്ദസ്വാമി അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 8.30 മുതല്‍ 10 വരെ ചര്‍ച്ചകള്‍ നടക്കും. ആദ്ധ്യാത്മികശാസ്ത്രം എന്ന വിഷയത്തില്‍ അസ്പര്‍ശാനന്ദസ്വാമി വിഷയാവതരണം നടത്തും. വിശ്വസ്വരൂപാനന്ദസ്വാമി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് വേദങ്ങളിലെപ്രകൃതിദര്ശനം എന്ന വിഷയത്തില്‍ ആചാര്യ ജി. ആനന്ദരാജ് വിഷയാവതരണം നടത്തും. 12മണിയോടെ സന്ന്യാസി സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: