പുതുക്കാട്: തോട്ടുമുഖം പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകള്‍ തകരാറിലായതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള പമ്പിങ്ങ് മുടങ്ങി. മൂന്ന് മോട്ടോറുകള്‍ ഉള്ള പമ്പ് ഹൗസില്‍ രണ്ടുമാസം മുമ്പ് ഒരു മോട്ടോറും പത്ത് ദിവസമായി മറ്റൊരു മോട്ടോറും തകരാറിലായിരിക്കുകയാണ്. വരന്തരപ്പിള്ളി പഞ്ചായത്തില്‍ പൂര്‍ണ്ണമായും അളഗപ്പനഗര്‍ പുതുക്കാട് പഞ്ചായത്തുകളില്‍ ഭാഗികമായും കുടിവെള്ളം എത്തിക്കുന്ന പമ്പ് ഹൗസിലെ ഒരു മോട്ടോര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പമ്പിങ്ങ് നിലച്ചതോടെ വരന്തരപ്പിള്ളി പഞ്ചായത്തിലെ പള്ളിക്കുന്ന്, മുപ്ലിയം, ഉപ്പൂഴി, വെള്ളാരംപാടം എന്നിവിടങ്ങളിലും പുതുക്കാട് പഞ്ചായത്തിലെ കോളനികള്‍ ഉള്‍പ്പെടുന്ന സൂര്യഗ്രാമത്തും അളഗപ്പനഗര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ പാലക്കുന്ന്, ചുക്കിരിക്കുന്ന് മേഖലകളിലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. ഒരേസമയം രണ്ട് മോട്ടോറുകള്വച്ച് മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് പമ്പിങ്ങ് നടത്തിയിരുന്നത്.
മോട്ടോറുകള്‍ തകരാറിലായതോടെ ഒരു മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് പമ്പിങ്ങ് നടത്തുന്നുണ്ടെങ്കിലും സാധാരണ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമേ മോട്ടോറുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയൂ.
വാട്ടര്‍ അതോറിറ്റിയുടെ ഒല്ലൂര്‍ സെക്ഷന്‍ ഓഫീസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. മോട്ടോറുകള്‍ എത്രയും വേഗം കേടുപാടുകള്‍ തീര്‍ത്ത് പമ്പിങ്ങ് പുനരാരംഭിക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: