കൊല്ലം: കെഐപി കനാല്‍ പുറമ്പോക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കൊട്ടിയം പറക്കുളം കനാല്‍പുരയിടത്തില്‍ വിധവയായ സാഹര്‍ നിസയ്ക്കും മകള്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ചാത്തന്നൂര്‍ അസി.പോലീസ് കമ്മീഷണര്‍ക്കാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജൂഡീഷ്യല്‍) അംഗം ആര്. നടരാജന് ഉത്തരവ് നല്‍കിയത്. പോലീസ് സംരക്ഷണം നല്കിയ ശേഷം അസി.കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണം. കേസ് മേയ് 29ന് പരിഗണിക്കും.
പറക്കുളം കനാല്‍പുരയിടത്തില്‍ താമസക്കാരായ താഹയും മറ്റുള്ളവരും ചേര്‍ന്ന് തങ്ങളെ ഉപദ്രവിക്കുന്നതായി സാഹര്‍ നിസ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എതിര്‍കക്ഷികള്‍ തങ്ങളുടെ വീടിന്റെ വേലിപൊളിച്ച് കളഞ്ഞ് കൃഷികള്‍ നശിപ്പിച്ചതായി പരാതിയില്‍ പറയുന്നു. താഹയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ താന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും പരാതിയില്‍ പറയുന്നു.
കമ്മീഷന് കൊല്ലം ജില്ലാകളക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. താഹയും സംഘവും സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്നും അത് ഒഴിവാക്കിയെന്നും കളക്ടര്‍ അറിയിച്ചു. പരാതിക്കാരിക്ക് സംരക്ഷണം നല്‍കേണ്ടത് പോലീസാണ്. പരാതി ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അയച്ചു കൊടുത്തതായും കളക്ടര്‍ അറിയിച്ചു.
പരാതിക്കാരി കമ്മീഷനില്‍ ഹാജരായി എതിര്‍കക്ഷികള്‍ തന്റെ വസ്തുവില്‍ വേലി കെട്ടാന്‍ അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. തനിക്കും മകള്‍ക്കും ജീവനു ഭീഷണി ഉള്ളതായും പറഞ്ഞു. പരാതിയുടെ അടിയന്തിരസ്വഭാവം കണക്കിലെടുത്ത് പരാതിക്കാരിയുടെ സമാധാന ജീവിതത്തിന് വേണ്ടി പരാതിക്കാരിക്കും മകള്‍ക്കും പോലീസ് സംരക്ഷണം നല്കാന് കമ്മീഷന് നിര്‍ദ്ദേശിച്ചു. എതിര്‍കക്ഷികളോട് മെയ് 29ന് കൊല്ലം ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായും കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: