കൊല്ലം: പോളയത്തോട് ശ്മശാനഭൂമി ഓര്‍ത്തഡോക്സ് സഭയ്ക്കു പതിച്ചുനല്കുവാനുള്ള കൊല്ലം കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലത്തെ പ്രധാന ശ്മശാനങ്ങളില്‍ ഒന്നായ പോളയത്തോട് ശ്മശാനം ഹിന്ദു വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് മരണാനന്തര കര്‍മ്മങ്ങള്‍ നടത്താനും മൃതദേഹം സംസ്കാരം നടത്താനുമുള്ള ഏക മാര്‍ഗമാണ്.
കൊല്ലം ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അധീനതയില്‍ ശ്മശാനങ്ങള്‍ ഇല്ല. അതുകൊണ്ട് അവിടങ്ങളില്‍ സ്ഥലസൗകര്യമില്ലാത്ത കുടുംബാംഗങ്ങള്‍ ആശ്രയിക്കുന്നത് പോളയത്തോട് ശ്മശാനത്തെയാണ്. എന്നാല്‍ സംഘടിതമതങ്ങള്‍ക്ക് അവരവരുടെതായ പ്രദേശങ്ങളില്‍ അതിന് സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ പോളയത്തോട് ശ്മശാനം എഴുതിയെടുക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഹിന്ദുസമൂഹത്തെ നശിപ്പിക്കുകയെന്നതാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
ഹിന്ദു സമൂഹങ്ങളോടുള്ള വെല്ലുവിളിയാണ് കോര്‍പ്പറേഷന്റെ ഈ നീക്കമെന്നും കോടികള്‍ വിലമതിക്കുന്ന ഭൂമി എഴുതിയെടുത്ത് അവിടെ പള്ളിയും സെമിത്തേരിയും പണിയാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഹിന്ദു ഐക്യവേദി ശക്തമായി രംഗത്തുവരുമെന്നും ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് പറഞ്ഞു. ഈ നീക്കത്തിന് ചില കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ട്.
അവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടാണ്. ഇതിനു മുമ്പും പോളയത്തോട് ശ്മശാനഭൂമിയുടെ ഒരു ഭാഗം സംഘടിതക്രിസ്ത്യന് മതവിഭാഗമായ മാര്‍ത്തോമ സഭയ്ക്ക് എഴുതികൊടുത്തിരുന്നു. ആ ഭൂമിയില്‍ മറ്റു മതത്തിലുള്ളവരുടെ മൃതദേഹം സംസ്കാരിക്കാന്‍ ഇന്നും കഴിയില്ല. കോര്‍പ്പറേഷന്റെ ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ ജനകീയ സമരത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം കൊടുക്കുമെന്നും മത വിവേചനത്തെ ഹിന്ദു സമൂഹം ഒന്നിച്ചു നിന്ന് നേരിടുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: