എരുമേലി: കെട്ടിടം പണി പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമവും ഭീഷണിയും. എരുമേലി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പഞ്ചായത്ത് നല്കിയ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പണിത മുക്കൂട്ടുതറ സ്വദേശി സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് കോണ്‍ഗ്രസ് നേതാവിനൊപ്പം എത്തിയത്.
എന്നാല്‍ പഞ്ചായത്തിന്െ നിര്‍ദ്ദേശം മറികടന്ന് കെട്ടിടം നിര്‍മ്മിച്ചുവെന്ന് ചൂണ്ടിക്കാട്ടിയതോടെ എ ഇ ക്കെതിരെ സംഘം ഭീഷണി മുഴക്കുകയായിരുന്നു. കെട്ടിടം പണി പൂര്ത്തീകരിച്ചെന്നുള്ള അപേക്ഷപോലും നല്‍കാതെയാണ് അപേക്ഷകനൊപ്പം കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് ഓഫീസില്‍ പരാക്രമം കാട്ടിയതെന്നും ജീവനക്കാര്‍ പറഞ്ഞു.
എ.ഇക്ക് നേരെ ഭീഷണി മുഴക്കി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പമ്പാവാലിവാര്ഡംഗം എം.എസ് സതീഷ്കുമാര്‍ ഇടപെട്ട് കോണ്‍ഗ്രസ് നേതാവിനെയും അപേക്ഷകനെയും ഓഫീസിനുള്ളില്‍ നിന്ന് പുറത്താക്കി. ചട്ടങ്ങള്‍ ലംഘിച്ച് മുക്കൂട്ടുതറ ടൗണില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്കാന് എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെകൊണ്ട് സമ്മര്‍ദ്ദം ചെലുത്തി ഭീഷണിപ്പെടുത്തുകയാണെന്നും വാര്‍ഡംഗം പറയുന്നു. ഇതിനിടെ സംഭവം തിരിച്ചടിയായതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് നേതാവും അപേക്ഷകനും കൂടി കെട്ടിടം പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: