കോതമംഗലം: ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ നടത്തിയ ലഘു സമ്പാദ്യ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത തൊഴിലാളി യൂണിയന് നേതാവ് അറസ്റ്റില്‍. തങ്കളം എച്ചിത്തൊണ്ട് ആലപ്പാട്ട് വീട്ടില്‍ സുരേഷ് (42) ആണ് അറസ്റ്റിലായത്. കോതമംഗലം റവന്യു ടവറില്‍ ‘ഭാരതീയ വികാസ് സൊസൈറ്റി’ എന്ന പേരിലുള്ള സ്ഥാപനത്തിന്റെ മറവില്‍ 120 പേരില്‍ നിന്ന് പ്രതി ആറര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
പദ്ധതി പൊളിഞ്ഞ്, ചേര്‍ന്നവര്‍ക്ക് പണം തിരികെ കൊടുക്കാതെ വന്നപ്പോള്‍ ആളുകള്‍ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ റവന്യൂ ടവറിലെ ഓഫീസില്‍ ചെന്ന് ബഹളമുണ്ടാക്കി. പണം ഉടന്‍ തിരികെ കൊടുക്കാമെന്ന് പറഞ്ഞ് പലരേയും സുരേഷ് വിശ്വസിപ്പിച്ചു. പിന്നീട്, പണം ഏജന്റുമാരുടെ തലയില്‍ കെട്ടിവച്ച് പ്രതി ഒളിവില്‍ പോയി.
തിരുവനന്തപുരം മലയിന്‍കീഴ് ഭാഗത്ത് നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയും ഭാര്യയും ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. പത്ത് ഏജന്റുമാരേയും സമ്പാദ്യ പദ്ധതിയില്‍ ആളെ ചേര്‍ക്കാനും പണം പിരിക്കാനും നിയമിച്ചിരുന്നു. ഇവരില്‍ ഒരു ഏജന്റ് മുഖേന ചേര്‍ത്ത 120 പേര് പണം കിട്ടാതെ വന്നപ്പോള്‍ നല്കിയ പരാതി പ്രകാരമാണ് കേസ് എടുത്തത്.
പത്ത് ഏജന്റുമാരും കൂടി 1200 ഓളം പേരെ പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം കൂടി 40 ലക്ഷം രൂപ സ്ഥാപനത്തില്‍ നിന്ന് തിരികെ കിട്ടാനുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. 200 രൂപ വീതം 50 ആഴ്ച അടയ്ക്കുമ്പോള്‍ 10,400 രൂപ തിരികെ കൊടുക്കുന്നതാണ് സമ്പാദ്യ പദ്ധതി. ഏജന്റുമാരെല്ലാം സ്ത്രീകളാണ്. വീട്ടമ്മമാരാണ് പദ്ധിതിയില്‍ കൂടുതലും ചേര്‍ന്നിട്ടുള്ളത്. കോതമംഗലം കൂടാതെ മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, അങ്കമാലി എന്നിവിടങ്ങളും പദ്ധതിയുടെ പ്രവര്‍ത്തന മേഖലയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: