എരുമേലി: സ്വകാര്യ വ്യക്തിയുടെ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് തടഞ്ഞുവച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ എരുമേലി ഗ്രാമപഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഹൈക്കോടതി ഓംബുഡ്സ്മാനു മുന്നില്‍ ഹാജരായി.
പഞ്ചായത്തംഗങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് തുടര്‍വാദങ്ങള്‍ക്കായി കേസ് ജൂണ്‍ 26ലേക്കു മാറ്റി. 2013ലാണ് സംഭവം. പഞ്ചായത്തിലെ കരാറുകാരനായ കൊരട്ടി വെട്ടിക്കൊമ്പില്‍ രാജേന്ദ്രനാണ് പെര്‍മിറ്റ് തടഞ്ഞ സംഭവത്തില്‍ കേസ് നല്‍കിയത്. കൊരട്ടിയിലെ പുറമ്പോക്ക് ഭൂമി കയ്യേറി എന്നാരോപിച്ചായിരുന്നു പഞ്ചായത്ത് കമ്മറ്റി പെര്‍മിറ്റ് തടഞ്ഞത്. എന്നാല്‍ താലൂക്ക്- ജില്ലാ- സംസ്ഥാന സര്‍വ്വേ വകുപ്പടക്കം നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അളന്ന് പുറമ്പോക്ക് ഭൂമിഇല്ലെന്ന് കണ്ടെത്തിയിട്ടും പെര്‍മിറ്റ് നല്‍കാതെ പഞ്ചായത്ത് കമ്മറ്റി ദുരിതത്തിലാക്കുകയായിരുന്നുവെന്ന് രാജേന്ദ്രന് പറഞ്ഞു. തുടര്‍ന്നാണ് രാജേന്ദ്രന് ഓംബുഡ്സ്മാനെ സമീപിച്ചത്.
ഗ്രാമപഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ 23 പേരില്‍ 22 പേരും രണ്ടു ജീവനക്കാരും കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓംബുഡ്സ്മാനില്‍ ഹാജരാകാന്‍ കഴിഞ്ഞമാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. പെര്‍മിറ്റ് സംഭവത്തില്‍ സുജിത് ടി. കുളങ്ങര എന്ന മെമ്പര്‍ വിയോജനക്കുറിപ്പ് എഴുതിയതിനാല്‍ കേസില്‍ നിന്നും ഒഴിവാകുകയും ചെയ്തു.
കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്തു കമ്മറ്റിയില്‍ ഓംബുഡ്സ്മാനില്‍ ഹാജരാകാന്‍ തീരുമാനിച്ചുവെങ്കിലും അതിലൊരംഗമായ കെ.എസ്. മായ തന്നെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ചില നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
സ്വകാര്യ വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങളും ജീവനകകാരും ഓംബുഡ്സ്മാനു മുന്നില്‍ ഹാജരാകുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ ഓംബുഡ്സ്മാനു മുന്നില്‍ ഹാജരാകാനെത്തിയ വനിതാ മെമ്പര്‍മാരെ രാജേന്ദ്രന് അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ കേസുകൊടുക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന് പറഞ്ഞു.
ഓംബുഡ്സ്മാനിലെ പരാതി സംബന്ധിച്ച് വിശദമായി പഠിച്ച് നിയമവഴിതന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വകാര്യ വ്യക്തി കയ്യേറിയതായി പറയുന്ന പുറമ്പോക്കു ഭൂമിയില്‍ പതിനായിരക്കണക്കിനു രൂപ ചെലവഴിച്ച് വൈദ്യുതിലൈന്‍ സ്ഥാപിക്കുകയും പിന്നീട് മാറ്റുകയും ചെയ്ത സംഭവം പഞ്ചായത്ത് കമ്മറ്റിക്ക് തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: