മാന്നാര്‍: വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിച്ച് മാര്‍ച്ച് 29ന് മാന്നാറില്‍ ദേശാഭിമാനി സഹായ സംഘം സംഘടിപ്പിക്കുന്ന സ്നേഹാലയം വീടിന്റെ താക്കോല്‍ദാന സമ്മേളനം മാറ്റിവയ്ക്കണമെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം വിഎസ് വിഭാഗം തള്ളി. ഇതോടെ മാന്നാറില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി.
ജില്ലാ സെക്രട്ടറി സജി ചെറിയാന്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. സുരേന്ദ്രന്, റ്റി.കെ. ദേവകുമാര്‍, എ. രാഘവന് എന്നിവര്‍ മാര്‍ച്ച് 28ന് രാവിലെ നേരിട്ടെത്തി അടിയന്തര മാന്നാര്‍ വെസ്റ്റ് എല്‍സി യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ വിഎസിനെ വിളിച്ച് പരിപാടി റദ്ദാക്കിയതായി അറിയിക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പങ്കെടുത്ത ഏരിയ കമ്മറ്റി സെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരന്, ജില്ലാ കമ്മറ്റിയംഗം അഡ്വ.പി.വി. വിശ്വംഭരപ്പണിക്കര്‍, ഏരിയ കമ്മറ്റിയംഗങ്ങളായ പി.എ.എ. ലത്തീഫ്, പി.എന്‍. ശെല്വരാജന്, മണികയ്യത്ര, ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ ചാര്‍ജുവഹിക്കുന്ന ആര്. അനീഷ് തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു.
എന്നാല്‍ സംഘത്തിന്റെ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എന്‍.പി. ദിവാകരന്, പ്രസിഡന്റ് മുഹമ്മദ് അജി, തങ്കച്ചന്, ത്രിവിക്രമന്‍പിള്ള, ത്യാഗരാജന് എന്നിവര്‍ സമ്മേളനം മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് യോഗത്തില്‍ അറിയിച്ചു. അഭിപ്രായ സമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ സംഘത്തിലെ മറ്റ് 29 അംഗങ്ങളുമായി ആലോചിച്ച് മാത്രമെ പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്ന് അറിയിച്ച് യോഗത്തില്‍ നിന്നും പിന്‍വാങ്ങി.
പാര്‍ട്ടി നിര്‍ദ്ദേശമില്ലാതെയാണ് സംഘം രൂപീകരിച്ചതെന്നും അതിനാല്‍ പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് സംഘം ഭാരവാഹികള്‍ പിന്നീട് അറിയിച്ചു. ഇത് കൂട്ടായ്മയാണെന്നും ഇതിനുള്ളില്‍ വിഭാഗീയത ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും, സംസ്ഥാന സമ്മേളനത്തിന് മുന്‍പ് നിശ്ചയിച്ച പരിപാടിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ പൊതുവികാരത്തിന്റെ ഭാഗമായാണ് വിഎസിനെ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചതെന്നും മുന്‍ ഏരിയ കമ്മറ്റി സെക്രട്ടറിയുടെ കത്തുവാങ്ങിയാണ് വിഎസിനെ ക്ഷണിച്ചതെന്നും അവര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചു.
ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളെയെല്ലാം ഒഴിവാക്കി വിഎസ് പക്ഷത്തെ ജി. രാമകൃഷ്ണന്, വി.കെ. വാസുദേവന്‍, ബി.കെ. പ്രസാദ്, അഡ്വ. ഫ്രാന്‍സിസ് വി.ആന്റണി, ഷാജി കല്ലംപറമ്പില്‍, പുഷ്പലതാമധു, കെ.എം. സന്ജുഖാന്, ഉഷാമുരളി എന്നിവരെ വിഎസ് പങ്കെടുക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയതാണ് ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: