ചേര്‍ത്തല: അപകടം പറ്റി വഴിയരികില്‍ കിടന്ന നായയ്ക്ക് യുവ അഭിഭാഷകര്‍ സംരക്ഷണം നല്കി. മനുഷ്യര്‍ അപകടത്തില്‍പ്പെട്ട് വഴിയരികില്‍ കിടന്നാല്‍ പോലും തിരിഞ്ഞുനോക്കാത്തിടത്താണ് ഒരു നായയെ ശുശ്രൂഷിക്കാന്‍ ചേര്‍ത്തല കോടതിയിലെ അഭിഭാഷകരായ ശബരീനാഥും, പി.എസ്. സജിത്തും മുന്നിട്ടിറങ്ങിയത്.
വൈക്കം സ്വദേശിയായ ശബരീനാഥ് ചേര്‍ത്തല കോടതിയിലേക്ക് വരുന്ന വഴിയാണ് ശാസ്താങ്കല്‍ കവലയ്ക്ക് സമീപം പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ നിന്ന് മാറിക്കിടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കോടതിയിലെത്തിയ ശബരീനാഥ് സുഹൃത്തായ സജിത്തിനെയും കൂട്ടി സംഭവസ്ഥലത്തെത്തി. വഴിയരികില്‍ ഉപയോഗശൂന്യമായി കിടന്ന ഫ്ളക്സ് ബോര്‍ഡിലേക്ക് നായയെ കിടത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. ആദ്യമൊക്കെ നീളമുള്ള വടിയില്‍ സ്പൂണ്‍ വെച്ചുകെട്ടിയാണ് വെള്ളവും ഭക്ഷണവും കൊടുത്തിരുന്നത്.
പിന്നീട് മൃഗഡോക്ടറായ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുറിവുകളും നീരും മാറുവാനുള്ള മരുന്നുകള്‍ നായക്ക് നല്കി. ഒരാഴ്ചയോളം മൂന്ന് നേരം ഭക്ഷണവും മരുന്നും നല്കി ഇവര്‍ നായയെ സംരക്ഷിച്ചു. ഇതിനിടയില്‍ കാലിലെ നീരും മുറിവുമൊക്കെ ശമിച്ച നായ നടക്കുവാനും തുടങ്ങി. അലഞ്ഞു തിരിയുന്ന നായകള്‍ അപകടം ഉണ്ടാക്കുമെങ്കിലും അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ സഹതാപം തോന്നിയാണ് നായയെ സംരക്ഷിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: