ആലപ്പുഴ: ഭരണ-പ്രതിപക്ഷങ്ങള്‍ നിയമസഭയില്‍ ചക്കിയും ചങ്കരനും കളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ ഇരുമുന്നണികളും ചേര്‍ന്ന് അപമാനിച്ചു. മാണിക്കെതിരെ സമരം ചെയ്യാന്‍ പോയവര്‍ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞത് ഒത്തുകളിയുടെ ഭാഗമാണ്. നേരത്തെ സോളാര്‍ സമരത്തില്‍ പിണറായി രക്ഷിക്കാന്‍ ഒത്തുകളിച്ച അതേ നയമാണ് നിയമസഭയിലും പ്രതിപക്ഷം സ്വീകരിച്ചത്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ ശക്തമായ പോരാട്ടം പോലും നടത്താന്‍ സിപിഎമ്മിനും ഘടകകക്ഷികള്‍ക്കും സാധിക്കുന്നില്ല.
അച്യുതാനന്ദന് ഉയര്‍ത്തിയിട്ടുള്ള കലാപം മറച്ചുപിടിക്കുന്നതിനാണ് നിയമസഭയില്‍ സ്ത്രീ വിഷയവുമായി ഇവര്‍ രംഗത്തെത്തിയിട്ടുള്ളത്. സ്ത്രീകളെ സിപിഎം പരിചയായി ഉപയോഗിക്കുകയായിരുന്നു. ബിജിമോളെ അവഹേളിച്ച് സംസാരിച്ച വാഹിദ് എംഎല്‍എയെ നിയമസഭയില്‍ ഇനി കയറ്റില്ലെന്ന് പറയാനുള്ള ആര്‍ജവം സിപിഐക്കോ സിപിഎമ്മിനോ ഇല്ലാതെ പോയി. അവര്‍ രാഷ്ട്രീയക്കളി നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. ഇതിനു മാറ്റമുണ്ടാകാന്‍ ബിജെപി പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സംസ്ഥാനത്തെ ജനം ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞതായും ശോഭാ സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന് സ്വാഗതവും ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: