മുഹമ്മ: തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചരി പഞ്ചായത്തുകളിലെ കായലോര മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. വരള്‍ച്ചയുടെ കാഠിന്യമേറും മുമ്പേ പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായത് ജനങ്ങളെ ദുരിതത്തിലാക്കി. തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെളിയമ്പ്രം, നെല്ലാത്തോട്, പുത്തനങ്ങാടി, മുഹമ്മയിലെ കായിപ്പുറം, ആര്യക്കര, മുക്കാല്‍വെട്ടം, ശ്രായിത്തോട്, പെരുന്തുരുത്ത്, മണ്ണഞ്ചേരിയിലെ പൊന്നാട്, അമ്പലക്കടവ്, എച്ചിക്കുഴി, ഷണ്മുഖം, മാഠത്തുങ്കര എന്നിവിടങ്ങളില്‍ കുടിവെള്ളം തേടി ജനങ്ങള്‍ പരക്കം പായുകയാണ്. ദൂരദിക്കുകളില്‍ നിന്നും കുടങ്ങളില്‍ ശുദ്ധജലവുമായി സ്ത്രീകളടക്കമുള്ളവര്‍ തലച്ചുമടായി കൊണ്ടുപോകുന്നത് ഇവിടങ്ങളില്‍ പതിവു കാഴ്ചയായി.
കായലോര മേഖലയിലുള്ളവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചില ഭാഗങ്ങളില്‍ ജലസംഭരണി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലവിതരണം കാര്യക്ഷമമല്ല. പൊന്നാട് മനയത്തുശേരി ഭാഗത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച ആര്‍ഒ പ്ലാന്റില്‍ നിന്നും നിരവധിപേരാണ് കുടിവെള്ളം ശേഖരിക്കാനെത്തുന്നത്. പത്ത് ലിറ്റര്‍ വരെ ഒരാള്‍ക്ക് ഇവിടെ നിന്നും വെള്ളം സൗജന്യമായി കൊണ്ടുപോകാനാകും. കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ ഇവര്‍ ചെയ്യുന്ന സേവനം ഏറെ അനുഗ്രഹമാണെന്ന് പ്രദേശ വാസികള്‍ പറയുന്നു.
ഓരോ വര്‍ഷവും പഞ്ചായത്ത് ശുദ്ധജല വിതരണത്തിനായി ബജറ്റില്‍ ലക്ഷങ്ങള്‍ വകയിരുത്തുമെങ്കിലും നാമമാത്രമായാണ് ചെലവഴിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വേനല്‍കാലത്ത് ഗ്രാമങ്ങള്‍ തോറും വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത് മുന്‍കാലങ്ങളില്‍ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. എന്നാല്‍ അതിനുള്ള നടപടികള്‍ ഇതുവരെ ഈ പഞ്ചായത്തുകളിലൊന്നും നടപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: