കൊല്ലം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്.മഹേഷ് പറഞ്ഞു.
ജനാധിപത്യത്തില്‍ പൊതുപ്രവര്ത്തകനുണ്ടായിരിക്കേണ്ട ധാര്‍മ്മികതയുടെ അന്തസുയര്‍ത്തിപ്പിടിക്കാന്‍ രാജി അനിവാര്യമാണെന്നും പരിണിതപ്രജ്ഞനായിട്ടും സ്വയം തോന്നാത്തതിനാലാണ് മാണിയെ ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും മഹേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങളുയര്‍ന്നപ്പോള്‍ രാജി വച്ച പാരമ്പര്യമാണ് കെ.കരുണാകരനും എ.കെ.ആന്റണിക്കും കോണ്‍ഗ്രസിലെ പല മന്ത്രിമാര്‍ക്കും മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയിട്ടും രണ്ടാം യുപിഎ സര്‍ക്കാര്‍ ദാരുണമായി കടപുഴകിയതുപോലെ കേരളത്തിലെ കോണ്‍ഗ്രസിനും സംഭവിച്ചുകൂടായ്കയില്ലെന്നും അനുഭവം പാഠമാക്കുവാന്‍ നേതൃത്വം തയ്യാറാകണമെന്നും ചൂണ്ടിക്കാട്ടി.
സീറ്റുകളുടെ എണ്ണത്തിന്റെ ബലം കാട്ടി ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിരുന്നപ്പോഴും ഒന്നും രണ്ടും മാത്രമുണ്ടായിരുന്ന പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനവും മറ്റധികാരങ്ങളും നല്‍കിയിട്ടുള്ള ഏകപാര്‍ട്ടി കോണ്‍ഗ്രസാണ്. താല്‍ക്കാലിക നേട്ടത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുപ്പിടിക്കരുത്.
കെ.എം.മാണിക്കുവേണ്ടി പോരടിച്ച് പരീക്ഷണവസ്തുവായി കോണ്‍ഗ്രസിനെ മാറ്റുന്നത് ശരിയല്ല.
ആരോപണങ്ങളെ അതിജീവിച്ച് വീണ്ടും അധികാരത്തില്‍ തിരികെയെത്തുകയാണ് മാണി ചെയ്യേണ്ടത്. ഇത് ചെയ്യാത്തിടത്തോളം കാലം ജനം സംശയദൃഷ്ടിയോടെയാണ് വിഷയം കാണുന്നതെന്നും ലോകത്തുള്ള മലയാളികള്‍ക്കുമുഴുവന്‍ അപമാനകരമാണ് നിയമസഭയില്‍ നടന്ന സംഭവങ്ങളെന്നും സി.ആര്.മഹേഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: