കുന്നത്തൂര്‍: ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആര്‍എസ്പിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ ആര്‍എസ്പി കുന്നത്തൂര്‍ മണ്ഡലത്തില്‍ അമര്‍ഷം പുകയുന്നു. മൂന്ന് എംഎല്‍എമാരുള്ള തങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ആര്‍എസ്പി നേതൃത്വത്തിലെ ഒരു വിഭാഗം. അതിനുവേണ്ടി ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോഴും പഴയ ആര്‍എസ്പി (ബി) വിഭാഗം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് കുന്നത്തൂര്‍ എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോന്റെ പേര് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചെങ്കിലും കോണ്‍ഗ്രസ് അത് തള്ളികളഞ്ഞിരുന്നു. ഇത് ആര്എസ്പിയില് കടുത്ത അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആര്‍എസ്പി മത്സരിച്ച് കൊണ്ടിരുന്ന അരുവിക്കര, ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ അരുവിക്കര ഏതാണ്ട് നഷ്ടമായിക്കഴിഞ്ഞു.
കാലാകാലങ്ങളായി മുസ്ലീംലീഗ് മത്സരിക്കുന്ന ഇരവിപുരം മണ്ഡലം അവര്‍ ആര്‍എസ്പിക്ക് വിട്ട് നല്‍കാനുള്ള സാധ്യതയും വിരളമാണ്. പിന്നീടുള്ളത് ആര്‍എസ്പിയുടെ സിറ്റിങ് സീറ്റായ കുന്നത്തൂരാണ്. ഇവിടെ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരുമെന്ന ഭയപ്പാടിലാണ് ആര്‍എസ്പി കുന്നത്തൂര്‍ മണ്ഡലം നേതൃത്വം. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് നഷ്ടക്കച്ചവടമായി എന്ന വിലയിരുത്തലാണ് പാര്‍ട്ടി അണികള്‍ക്ക് പൊതുവേയുള്ളത്.
ദേശീയസെക്രട്ടറി ചന്ദ്രചൂഡന് ഉള്‍പ്പെടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്കായി ശക്തമായി വാദിക്കുമ്പോഴും പാര്‍ട്ടിയുടെ ഏകമന്ത്രിയായ ഷിബുബേബി ജോണ്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
എന്നാല്‍ പാര്‍ട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്ന എംഎല്‍എക്കുവേണ്ടി വാദിക്കുന്നുവെന്ന നിലപാടിലാണ് പഴയ ആര്‍എസ്പി (ബി) വിഭാഗം. യുഡിഎഫ് നേതൃത്വത്തിന്റെ പാര്‍ട്ടിയോടുള്ള അവഗണനയിലുള്ള പ്രതിഷേധം കുന്നത്തൂരിലും പ്രതിഫലിച്ചു. നിയമസഭയില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു.
പ്രതിഷേധയോഗത്തില്‍ നിന്നും കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നു. ആര്‍എസ്പിയുടെ ശക്തികേന്ദ്രമെന്ന് അവര്‍തന്നെ അവകാശപ്പെടുന്ന കുന്നത്തൂരില്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: