കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സ് കേരളത്തില്‍ നടപ്പാക്കുന്ന വിവിധ ഫുട്ബോള്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രോഡിജി സ്പോര്‍ട്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ടീം അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബ്ലാസ്റ്റേഴ്സ് ടീമിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോഡിജി സ്പോര്‍ട്സായിരിക്കും അഞ്ചു വര്‍ഷക്കാലം വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക.
സ്കൂള്‍ കായിക അധ്യാപകര്‍ക്കുള്ള പരിശീലനം, കുട്ടികള്‍ക്കായുള്ള പരിശീലനം, സ്പെഷ്യലൈസ്ഡ് ഫുട്ബോള്‍ ട്രെയിനിങ് സ്കൂള്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഇതില്‍ സ്കൂളുകളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ക്ക് നല്കുന്ന ത്രിദിന പരിശീലനം ഏപ്രില്‍ 9 മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കും.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അക്കാദമി ഹെഡ്, സ്കോട്ട് ഒഡോണല്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. അതാത് സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന കായിക അധ്യാപകര്‍ക്ക് സൗജന്യമായാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പരിഗണന. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ എ.ഐ.എഫ്.എഫിന്റെ സര്‍ട്ടിഫിക്കേറ്റഡ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കും. അതാത് സ്കൂളുകളില്‍ കുട്ടികളെ പരിശീലിപ്പിക്കാനുള്ള ചുമതലയും ഇവര്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: