ആലപ്പുഴ: തീവണ്ടിയില്‍ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച യുവാവ് പിടിയില്‍. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കോഴിക്കോട് കല്ലായി സ്വദേശി ഫസലാ (18)ണു പിടിയിലായത്. മാര്‍ച്ച് 19ന് രാവിലെ ഏഴോടെയായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നു ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസില്‍ ചെങ്ങന്നൂരിലേക്കു വരികയായിരുന്ന ചെന്നയ്ക്കാട് വിഷ്ണുനിവാസില്‍ രാധാകൃഷ്ണന്റെ മകന് വിഷ്ണുവിന്റെ ബാഗാണു മോഷണം പോയത്. അമ്പലപ്പുഴ സ്റ്റേഷന് അടുക്കാറായപ്പോള്‍ ഇയാള്‍ ബാത്ത്റൂമിലേക്കു പോയ തക്കം നോക്കി ടാബും ഐഫോണും അടങ്ങിയ ബാഗുമായി ഫസല്‍ അമ്പലപ്പുഴ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
തിരിച്ചെത്തിയ വിഷ്ണു തന്റെ ബാഗ് കാണാത്തതില്‍ ബഹളം വച്ചപ്പോള്‍ ബാഗുമായി ഒരു യുവാവ് അമ്പലപ്പുഴ സ്റ്റേഷനില്‍ ഇറങ്ങിയെന്നു യാത്രക്കാര്‍ പറഞ്ഞു. തീവണ്ടി അമ്പലപ്പുഴയില്‍നിന്നു പുറപ്പെട്ടതിനാല്‍ വിഷ്ണു അടുത്ത സ്റ്റേഷനായ ഹരിപ്പാട്ട് ഇറങ്ങി തിരികെ അമ്പലപ്പുഴ സ്റ്റേഷനിലെത്തിയപ്പോള്‍ തന്റെ ബാഗുമായി യുവാവ് നില്ക്കുന്നതു കണ്ട് ബഹളംവച്ചു. ഓടിക്കൂടിയ യാത്രക്കാര്‍ ഇയാളെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: