പൂച്ചാക്കല്‍: ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പള്ളിപ്പുറത്തെ മലബാര്‍ സിമന്റ് ഫാക്ടറി വീണ്ടും പ്രവര്‍ത്തന സജ്ജമായി. പള്ളിപ്പുറം പഞ്ചയത്തിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിമിന്റ് നിര്‍മ്മാണ ഫാക്ടറി മാര്‍ച്ച് 20ന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ട്രയല്‍ റണ്‍ ആരംഭിക്കും. പരിക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിപ്പിച്ചു നോക്കിയിരുന്നു. 450 ടണ്ണോളം ക്ലിങ്കര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ രണ്ടുദിവസങ്ങളിലായി പള്ളിപ്പുറത്തെത്തിച്ചിരുന്നു. അമ്പതോളം ഉദ്യോഗസ്ഥരെയും ഫാക്ടറിയില്‍ പുനര്‍വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. പ്രതിദിനം 600 ടണ്‍ ഉത്പാദനശേഷിയുള്ളതാണ് ഫാക്ടറി. 2009ല്‍ പൂട്ടിയിട്ടതിനുശേഷം രണ്ടുകോടിയോളം രൂപ മുടക്കിയാണ് അറ്റകുറ്റപണികള്‍ നടത്തിയത്. പള്ളിപ്പുറത്തു നിന്നും കൊണ്ടുപോയ ഉപകരണങ്ങള്‍ തിരിച്ചു കൊണ്ടുവരികയും കേടായ ഉപകരണങ്ങള്‍ നന്നാക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തതോടെയാണ് അടച്ചുപൂട്ടപ്പെട്ട ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
നിര്‍മ്മാണത്തിനുള്ള ക്ലിങ്കറിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും സിമിന്റിന്റെ വില കുറയുകയും നിര്‍മ്മാണ പ്രതിസന്ധി നേരിടുകയും ചെയ്ത ഘട്ടത്തില്‍ താത്കാലികമായി ഫാക്ടറി അടച്ചുപൂട്ടിയത്. തുടര്‍ന്ന് തൊഴിലാളി സംഘടനകളുടെയും പ്രശ്നങ്ങള്‍ രൂക്ഷമായി. ഇവിടെ നിലനിന്നിരുന്ന തൊഴിലാളി പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: