മുഹമ്മ: കഞ്ഞിക്കുഴി-മുഹമ്മ റോഡിലെ കലുങ്ക് അപകട ഭീഷണിയില്‍; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. കായല്‍ത്തീര മേഖലയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിലെ കലുങ്കാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. മുഹമ്മ ബീവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കണ്ണാടി കവലയിലെ കലുങ്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുവശങ്ങളിലെയും കൈവരികള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുള ഉപയോഗിച്ച് നാട്ടുകാര്‍ സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതും ഇപ്പോള്‍ നശിച്ചുകഴിഞ്ഞു.
നിരവധി കയര്‍ കയറ്റുമതി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കണ്ടെയ്നറുകളും സര്‍ക്കാര്‍-സ്വകാര്യ ബസുകളും നിത്യേന കടന്നുപോകുന്നത് അപകടം പതിയിരിക്കുന്ന കണ്ണാടി കലുങ്കിലൂടെയാണ്. മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കവെ നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ തോട്ടില്‍ വീണ സംഭവവും മുമ്പ് ഉണ്ടായിട്ടുണ്ട്. തോട്ടില്‍ വെള്ളം ഉണ്ടായിരുന്നതിനാല്‍ കാര്യമായ അപകടമില്ലാതെ രക്ഷപെടുകയായിരുന്നു. കലുങ്ക് വീതി കൂട്ടി നിര്‍മ്മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: