അമ്പലപ്പുഴ: ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് ദേവസ്വം സെക്രട്ടറിയും തഹസില്‍ദാരും ചേര്‍ന്ന് അട്ടിമറിക്കുന്നതായി ആക്ഷേപം. പ്രക്ഷോഭത്തിനൊരുങ്ങി ഹൈന്ദവ സംഘടനകള്‍. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുത്തന്‍കുളം ഉള്‍പ്പെടെയുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുവാനാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 24ന് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാല്‍ എട്ടു മാസം പിന്നിട്ടിട്ടും കോടതിവിധി അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഭൂമി അളക്കുവാന്‍ തടസം എന്തെന്ന് ചോദിക്കുന്ന ഭക്തരോട് അങ്ങോട്ട് വരുവാന്‍ വാഹനമില്ലെന്ന് ആക്ഷേപിച്ച് ഒഴിഞ്ഞുമാറുന്ന നിലപാടാണ് അധികൃതരുടേത്. ദേവസ്വം ബോര്‍ഡിന്റെ ഏക്കറുകണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് പോലും ഇതിനെതിരെ പ്രതികരിക്കാതിരുന്ന അതേ നയമാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും സ്വീകരിക്കുന്നത്.
ക്ഷേത്രത്തിന്റെ സ്വത്തായ പുത്തന്‍കുളം കൈയേറി കോളേജ് നിര്‍മ്മാണത്തിന് അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍. നിലവില്‍ തിരുവിതാംകൂര്‍ ക്ഷേത്ര പൈതൃക സമ്പത്ത് സംരക്ഷണ സമിതിയാണ് ഇതിനെതിരെ കോടതി വിധി സമ്പാദിച്ചത്. കോടതിവിധി അംഗീകരിക്കാത്ത ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും തഹസില്‍ദാര്‍ക്കുമെതിരെ വിഎച്ച്പി, ഹിന്ദുഐക്യവേദി, പുരാണപാരായണ സമിതി, ക്ഷേത്രാചാരാനുഷ്ഠാന സംരക്ഷണ സമിതി എന്നിവരെ സംഘടിപ്പിച്ച് സമരപരിപാടികള്‍ നടത്തുമെന്ന് സംയുക്ത സമരസമിതി പ്രസിഡന്റ് ആര്. ശങ്കരന്‍നായര്‍, ജനറല്‍ സെക്രട്ടറി ജി. അനില്‍കുമാര്‍, എന്‍. സുന്ദരേശന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: