ചങ്ങനാശേരി: ടി.ബി റോഡില്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസിനോടു ചേര്‍ന്നു നില്ക്കുന്ന വന്മരം അപടകഭീഷണി ഉയര്‍ത്തുന്നതായി പരാതി. ഈ വടവൃക്ഷം ഏതുസമയത്തും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണെന്നാണു ആക്ഷേപം. മരത്തിന്റെ തൊലി അടര്‍ന്നു ദിവസവും മരം ഉണങ്ങിക്കൊണ്ടിരിക്കുകയാണ്. റവന്യൂ ടവര്‍, കോടതികള്‍, സ്കൂള്‍, ആരാധനാലയങ്ങള്‍ എന്നിവടങ്ങളിലേക്കു പോകുന്ന ആയിരക്കണക്കിനു വാഹന, കാല്‍നട യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരശാലകള്‍ക്കും ഓഫീസുകള്‍ക്കും മരം ഭീഷണിയാണ്. മരത്തോടു ചേര്‍ന്നു 11 കെവി വൈദ്യുതി ലൈന്‍ പോകുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി എത്രയും വേഗം മരം മുറിച്ചു മാറ്റണമെന്നു ആവശ്യപ്പെട്ട് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി. ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍ പറയുന്നത്. അധികാരികളുടെ ഭാഗത്തു നിന്നു നിസംഗത തുടര്‍ന്നാല്‍ ശക്തമായ സമരം നടത്തുന്നതിന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം യോഗം തീരുമാനിച്ചു. പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെലിന് ജോര്‍ജ്, സെക്രട്ടറി സലിം മുല്ലശേരി, ജോയിന്റ് സെക്രട്ടറി ഇ.അബ്ദുല്‍ റഹ്മാന്‍കുഞ്ഞ്, ട്രഷറര്‍ ബി.ജഗദീശന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: