മുഹമ്മ: ഗ്യാസ് സ്റ്റൗവില്‍ ചൂടാക്കാന്‍ വെച്ച എണ്ണയ്ക്ക് തീ പിടിച്ച് അടുക്കളയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പാഠപുസ്തകങ്ങളും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാര്‍ഡ് ആറ്റുപുറത്ത് എം.എന്‍. വിജയന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മാര്‍ച്ച് 17ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വീട്ടമ്മ എണ്ണ ചൂടാക്കിയ ശേഷം സ്റ്റൗ ഓഫ് ചെയ്തെന്ന ധാരണയില്‍ പുറത്തിറങ്ങിയപ്പോഴാണ് അടുക്കളയില്‍ തീ ഉയരുന്നത് കണ്ടത്. വീട്ടമ്മയുടെ കരച്ചില് കേട്ട് പരിസരവാസികളെത്തി തീ അണക്കുകയായിരുന്നു. സിലിണ്ടറിലേക്കുള്ള വയറും ഇലക്ട്രിക്ക് പോസ്റ്റിലേക്കുള്ള കൈവയറും നാട്ടുകാര്‍ വിഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവ അഗ്നിക്കിരയായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: