ആലപ്പുഴ: ജില്ലയിലെ അനധികൃത നെല്‍വയല്‍-തണ്ണീര്‍ത്തടം നികത്തലിനും മണല്വാരലിനുമെതിരെ നടപടി തുടങ്ങിയതായും രണ്ടു വാഹനം പിടിച്ചെടുത്തതായും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കളക്ടര്‍ നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞദിവസം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പുലര്‍ച്ചെ നാലോടെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. കൈനകരി, നെടുമുടി, എടത്വാ, ചമ്പക്കുളം, വെളിയനാട്, പുറക്കാട്, കഞ്ഞിപ്പാടം, തോട്ടപ്പള്ളി, പട്ടണക്കാട്, തുറവൂര്‍ തെക്ക് എന്നിവിടങ്ങളില്‍ പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ അറുപതോളം അനധികൃത നിലംനികത്തല്‍ കേസുകള്‍ പിടികൂടി.
സ്റ്റോപ്പ് മെമ്മോ നല്‍കാത്ത കേസുകളില്‍ അടിയന്തരമായി മെമ്മോ നല്കി വിവരം രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. നെടുമുടിയില്‍ അനധികൃതമായി നിലം നികത്തിയിരുന്ന ജെസിബിയും രേഖകളില്ലാതെ മണല്‍കടത്താനുപയോഗിച്ച മിനിലോറിയും സംഘം പിടിച്ചെടുത്ത് പോലീസിനു കൈമാറി.
പട്ടണക്കാട്, തുറവൂര്‍ തെക്ക് വില്ലേജുകളിലെ ചില പ്രദേശങ്ങളില്‍ കടല്‍ഭിത്തിക്കു കോട്ടം തട്ടുന്നനിലയില് അനധികൃതമായി കടല്‍മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതു ശ്രദ്ധയിപ്പെട്ടു. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തുറവൂരിലും പട്ടണക്കാടും റോഡരുകില്‍ കൂട്ടിവച്ചിരിക്കുന്ന ഉടമസ്ഥരില്ലാത്ത മണല്‍ ലേലം ചെയ്തു വില്ക്കാന് നടപടിയെടുത്തു. കടക്കരപ്പള്ളി തങ്കിപ്പള്ളിക്കു സമീപം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം നികത്തുന്നതായി കണ്ടെത്തി. നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് സംഘം നിര്‍ദേശം നല്കി.
ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) കെ.ആര്. ചിത്രാധരന്റെ നേതൃത്വത്തില്‍ ജൂനിയര്‍ സൂപ്രണ്ടുമാരായ കെ.ആര്. മനോജ്, എ. അബ്ദുള്‍ റഷീദ്, റവന്യൂ-പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: