കുന്നത്തൂര്‍: വേനലില്‍ കുന്നത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ ജലമെത്തിച്ചിരുന്ന കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഉപകനാലുകള്‍ വഴിയുള്ള ജലവിതരണം നിര്‍ത്തിയത് താലൂക്കിനെ കടുത്ത വരള്‍ച്ചയിലാക്കി. പ്രതിഷേധം ശക്തമായിട്ടും ഉപകനാലുകളിലൂടെ ജലവിതരണം പുനസ്ഥാപിക്കാന്‍ കെഐപി അധികൃതര്‍ തയ്യാറായിട്ടില്ല.
കുടിവെള്ളം. കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി താലൂക്കിലെ ജനങ്ങള്‍ വേനല്‍ക്കാലത്ത് പ്രധാനമായും കെഐപി കനാലുകളെയാണ് ആശ്രയിക്കുന്നത്. പ്രധാന കനാലും ഉപകനാലുകളുമുള്പ്പെടെ ഏതാണ്ട് 50 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കനാല്‍ ശ്യംഖലയാണ് താലൂക്കിലുള്ളത്. പ്രധാന കനാലിലൂടെ ജലവിതരണം നടക്കുന്നതെങ്കിലും അതിന്റെ പ്രയോജനം വലുതായി ഗ്രാമീണമേഖലയ്ക്ക് ലഭിക്കാറില്ല.
പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചിട്ട് രണ്ടാഴ്ചയോളം പിന്നിട്ടെങ്കിലും ഉപകനാലിലൂടെ വെള്ളം തുറന്നുവിട്ടത് രണ്ടോ മൂന്നോ ദിവസം മാത്രമാണ്. ഉപകനാലുകളിലൂടെ ജലവിതരണം നടത്തിയെങ്കില്‍ മാത്രമേ താലൂക്കിന്റെ ഗ്രാമപ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും നിറയുകയും അതുവഴി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും സാധിക്കും. ഉപകനാലുകള്‍ തുറക്കാത്തത് മൂലം പല സ്ഥലത്തും പ്രദേശവാസികള്‍ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് വെള്ളം തുറന്നുവിട്ട സംഭവമുണ്ടായി. ഇതിനെത്തുടര്‍ന്ന് കെഐപി അധികൃതര്‍ പൊതുജനങ്ങള്‍ ഷട്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുതുപിലാക്കാട്, ഭരണിക്കാവ്, ശാസ്താംകോട്ട, മനക്കര, ആഞ്ഞിലിമൂട്, വേങ്ങ, പടിഞ്ഞാറെ കല്ലട എന്നീ ഭാഗങ്ങളിലാണ് വരള്‍ച്ച അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് 30 വര്‍ഷത്തോളം പിന്നിട്ടിട്ടും കനാല്‍ ശ്യംഖലയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കാന്‍ കെഐപി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. മുതുപിലാക്കാട് പുന്നമൂട് ഭാഗത്തും മൈനാഗപ്പള്ളിയിലും ഉപകനാലുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. തന്മൂലം ഈ കനാലുകള്‍ വഴി വെള്ളം തുറന്നുവിട്ടാല്‍ ഒരു ദിവസം കൊണ്ടുതന്നെ കനാല്‍ കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇത് കനാല്‍ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം പ്രദേശവാസികള്‍ക്ക് ലഭിക്കാതിരിക്കാന്‍ ഇടയാകുന്നു.
ഉപകനാലുകള്‍ വഴിയുള്ള ജലവിതരണം ഉടന്‍ പുനസ്ഥാപിക്കണമെന്നും അല്ലെങ്കില്‍ കെഐപി എഇ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് മുതുപിലാക്കാട് രാജേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: