പുനലൂര്‍: കരവാളൂര്‍ ഗ്രാമപഞ്ചായത്തും മാത്രസര്വീസ് സഹകരണബാങ്ക് സേവനകേന്ദ്രവും സംയുക്തമായി ഹരിതശുചിത്വ കരവാളൂരിനായി നിറവ് പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ മൂവായിരത്തോളം കുടുംബങ്ങളെ പങ്കാളികളാക്കി നടപ്പാക്കുന്ന നിറവ് പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനും ശുചിത്വഗ്രാമം യാഥാര്‍ത്ഥ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.
ജൈവപച്ചക്കറി കൃഷിയുടെ പ്രോത്സാഹനത്തിനായി ഓരോ കുടുംബാംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്തില്‍ നിന്നും നാല് ഗ്രോബാഗുകളും മാത്ര സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആറ് പോളിത്തീന്‍ ബാഗിലെ പച്ചക്കറിത്തൈകളും നല്‍കും. കോട്ടുക്കല്‍ കൃഷിഫാമില്‍ നിന്നാണ് ഇത് ലഭ്യമാക്കുക. ഗുണഭോക്തൃ വിഹിതമായി ഓരോ കുടുംബവും 150 രൂപ നല്‍കണം. മാലിന്യസംസ്കരണത്തിനായി 900 പേര്‍ക്ക് പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്യും.
900 രൂപ വിലയുള്ള പൈപ്പ് കമ്പോസ്റ്റ് യൂണിറ്റിന് ഗ്രാമപഞ്ചായത്തില്‍ നിന്ന് 810 രൂപ നല്‍കും. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് പൈപ്പ് കമ്പോസ്റ്റ് നല്‍കുന്നത്. ഗുണഭോക്താക്കള്‍ ഓരോ യൂണിറ്റിനും 90 രൂപ നല്‍കണം. കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പൈപ്പ് കമ്പോസ്റ്റ് വീടുകളില്‍ സ്ഥാപിക്കുന്നത്. ഹരിതശുചിത്വ കരവാളൂരിനായുള്ള നിറവ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം ആറുമുതല്‍ ഒമ്പതുവരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. മാര്‍ച്ച് അവസാനവാരം കൃഷിമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നിറവ് പദ്ധതിയുടെ ഉദ്ഘാടനം നടക്കും.
മാലിന്യസംസ്കരണം, ഭക്ഷ്യസ്വയം പര്യാപ്തത എന്നിവ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കുവാനും ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുമാണ് നിറവ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സരോജാ ദേവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാത്രസര്വീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ.പ്രദീപ് ചന്ദ്രന്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജി.സുരേഷ്കുമാര്‍, എസ്.പ്രദീപ്, ബി.പ്രമീളാകുമാരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: