ഇടുക്കി: വാഗമണ്ണിലെ ഗ്ലൈഡിങ് സ്പോട്ടില്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്ന ഇന്റര്‍നാഷണല്‍ പാരഗ്ലൈഡിങ് അഡ്വഞ്ചര്‍ കാര്‍ണിവല്‍ സാഹസിക വിനോദപ്രേമികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ലോകപ്രശസ്ത അക്രോബാറ്റിക് പൈലറ്റും റുമേനിയന്‍ താരവുമായ കോളിന് പോപ് ഉള്‍പ്പെടെ 70 ഓളം പൈലറ്റുമാരുടെ അതിസാഹസികമായ ആകാശപ്പറക്കലാണ് ദിവസവും വാഗമണ്ണില്‍ നടക്കുന്നത്.
5000 അടിക്കുമുകളിലേക്കുള്ള പറക്കലും അതിനിടയിലെ പൈലറ്റുമാരുടെ അതിസാഹസികമായ അഭ്യാസങ്ങളും കാണികളില്‍ വിസ്മയം സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി പാരാ ഗ്ലൈഡിങ് കാര്‍ണിവലില്‍ അക്രോബാറ്റിക്സ് പ്രകടനം നടക്കുന്നത് വാഗമണിലാണ്. റഷ്യ, ഫ്രാന്‍സ്, റൊമേനിയ, സ്വീഡന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാഹസിക പൈലറ്റുമാരാണ് വാഗമണ്ണിലുള്ളത്.
ഇന്ത്യയില്‍നിന്ന് വിങ് കമാന്‍ഡേഴ്സ് ആയ രമാകാന്തന്, വേണു നമ്പീശന് എന്നിവരുടെ നേതൃത്വത്തിലുള്ള എയര്‍ഫോഴ്സ് ടീം, ഹിമാചല്‍ പ്രദേശില്‍ നിന്ന് ജ്യോതി ടാക്കൂറിന്റെ നേതൃത്വത്തിലുള്ള ടാന്‍ഡം പാരാ ഗ്ലൈഡിങ് ടീം തുടങ്ങിയവരും വിവിധ ഇനങ്ങളിലുള്ള ഗ്ലൈഡിങ് നടത്തുന്നു. അഡ്വഞ്ചര്‍ സ്പോര്‍ട്സിന്റെ പ്രമോഷനു വേണ്ടിയും വാഗമണ്ണിനെ ഈ രംഗത്ത് ഉയര്‍ത്തിക്കാട്ടാനും വേണ്ടി കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, വാഗമണ്‍ ഡെസിറ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍, ഫ്ളൈ വാഗമണ്‍ എന്നിവ സംയുക്തമായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: