തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് പാലോട് രവി എംഎല്‍എയും മുന്‍മന്ത്രി പന്തളം സുധാകരനും ലോകായുക്തയ്ക്ക് മൊഴി നല്കി. ദേശീയഗെയിംസില്‍ അഴിമതയുണ്ടെന്നാരോപിച്ചിരുന്ന ഇരുവരും ലോകായുക്തക്ക് മുന്നില്‍ മലക്കം മറിഞ്ഞു. അഴിമതി നടന്നതായി അറിയില്ലെന്ന് പാലോട് രവി ലോകായുക്തയെ അറിയിച്ചു.
പിരപ്പന്‍കോട്ടെ നീന്തല്‍ക്കുളം നിര്‍മാണത്തിലും ക്രമക്കേട് നടന്നതായി അറിയില്ല. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപണമുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ലെന്നും എംഎല്‍എ മൊഴിനല്‍കി. ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നതായി വിശ്വസിക്കുന്നില്ലെന്ന് പന്തളം സുധാകരനും ലോകായുക്തയെ അറിയിച്ചു. അഴിമതി ആരോപണം ഉന്നയിക്കപ്പെടുന്ന പരിപാടികള്‍ നടക്കുന്നതിനു മുമ്പേ ഗെയിംസ് നടത്തിപ്പ് കമ്മിറ്റിയില്‍ നിന്നും രാജിവച്ചിരുന്നതിനാല് മറ്റുകാര്യങ്ങളൊന്നും അറിയില്ലെന്നും ഇരുവരും ലോകായുക്തയെ അറിയിച്ചു.
റണ്‍ കേരള റണ്‍, ലാലിസം എന്നീ പരിപാടികളുടെ നടത്തിപ്പില്‍ അഴിമതി ആരോപിച്ചുള്ള ഹരജിയിലാണ് ഇരുവരും മൊഴി നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ലോകായുക്ത ഇരുവര്‍ക്കും നോട്ടീസ് അയച്ചത്. ഈ ഹര്‍ജിയില്‍ നാളെ വിധിപറയും. അതേസമയം, ദേശീയ ഗെയിംസില്‍ അഴിമതി ആരോപിച്ച കെ.ബി. ഗണേഷ്കുമാര് എംഎല്‍എ മാര്‍ച്ച് 30ന് ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി ലോകായുക്ത നോട്ടീസ് നല്‍കും.
ഗെയിംസ് സെക്രട്ടേറിയറ്റില്‍നിന്നും വരവുചിലവ് കണക്കുകളുടെ വിശദാംശങ്ങള്‍ ഓഡിറ്റ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. 15 അംഗ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗെയിംസുമായി ബന്ധപ്പെട്ട ടെണ്ടറുകളിലും താല്‍ക്കാലിക നിയമനങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ, സര്‍ക്കാര്‍ പണം ചിലവഴിച്ചതില്‍ വീഴ്ചവന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാവും ഓഡിറ്റ് വകുപ്പ് പ്രധാനമായും പരിശോധിക്കുക. അഴിമതി ആരോപണം ഉയര്‍ന്ന വേദികളില്‍ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തും. കരാര്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്ത്തികരിച്ചിട്ടുണ്ടോയെന്നതും ഓഡിറ്റിങില്‍ ഉള്‍പ്പെടും. ഗെയിംസിനായി അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടി, താല്‍ക്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍അഴിമതി നടന്നു തുടങ്ങിയ ആക്ഷേപങ്ങളും പരിശോധിക്കും. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സാമ്പത്തികക്രമക്കേട് കണ്ടെത്തിയാല്‍ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയില്‍ സിബിഐ അന്വേഷണം ഉള്‍പ്പടെയുള്ളവയ്ക്ക് വഴിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: