കുമരകം: കോണത്താറ്റുപാലം പുനര്‍നിര്‍മ്മിച്ച് വീതി കൂട്ടണമെന്ന ജനകീയാവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. ഒരു വാഹനം പാലത്തില്‍ കയറിയാല്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടന്നുപോകാന്‍ പറ്റാത്തത്ര വീതിക്കുറവാണീ പാലത്തിന്. കാലപ്പഴക്കത്താല്‍ പാലം ജീര്‍ണാവസ്ഥയിലുമാണ്. ആറ്റാമംഗലം പള്ളിക്കു സമീപമുള്ള കോണത്താറ്റുപാലം പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ പാലത്തിനിരുവശവുമുള്ള റോഡ് എത്ര വീതികൂട്ടിയാലും അതിന്റെ പ്രയോജനം ലഭിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസേന അമിത ഭാരവണ്ടികളുള്പ്പെടെ കോട്ടയത്തുനിന്നും കുമരകം വഴി എറണാകുളം, ചേര്‍ത്തല, വൈക്കം, ആലപ്പുഴ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. 1931ല്‍ ദിവാന്‍ജി സ്ഥലം സന്ദര്‍ശിച്ച് കുമരകം കോട്ടയം റോഡിന് ബജറ്റില്‍ വകയിരുത്തി നിര്‍മ്മിച്ച റോഡ് കോണത്താറ്റു പാലം കൊണ്ട് അവസാനിച്ചു. അന്ന് തീര്‍ത്ത പാലമാണ് ഇന്നും ഉപയോഗിക്കുന്നത്. വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്. ഈ പാലത്തില്‍ അപകമുണ്ടാകുന്നതും സാധാരണമാണ്. കോണത്താറ്റു പാലം ഒരു ദുരന്തമുണ്ടാകുന്നതിനു മുമ്പ് പുനര്നിര്മ്മിക്കണമെന്ന ജനകീയാവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: