ചെട്ടികുളങ്ങര: ഏഴു ദിനരാത്രങ്ങള്‍ ദേവീമന്ത്രങ്ങളാല്‍ മുഖരിതമാകിയ കുത്തിയോട്ട വഴിപാടുകളും, കലയും കരുത്തും ഭക്തിയും സമന്വയിച്ച് ക്ഷേത്ര അവകാശികളായ പതിമൂന്ന് കരക്കാര് ഒരുക്കിയ കെട്ടുകാഴ്ചകളും ഫെബ്രുവരി 24ന് ദേവിക്കു മുന്പില് സമര്‍പ്പിക്കും. പുലര്‍ച്ചെ മുതല്‍ ഒരു മനമായി ഭക്തര്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. 24ന് പുലര്‍ച്ചെ കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുരുനാഥന്മാര്ക്കും ദക്ഷിണ നല്‍കും. തുടര്‍ന്ന് മുഖത്ത് ചുട്ടികുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴിയില വാട്ടിയുടുപ്പിച്ച് കിന്നരി തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തി ഏന്തി കുട്ടികളെ കുത്തിയോട്ടപ്പാട്ടിന്റെയും വായ്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്കു സ്വീകരിക്കും.
ഈ ഘോഷയാത്രയെ വഴിപാടുകാരന്റെ ആശ്രിതന് നെട്ടൂര്‍പെട്ടി തലയിലേന്തി അകമ്പടിസേവിക്കും. കുത്തിയോട്ട ഘോഷയാത്ര കരകളിലെ കെട്ടുകാഴ്ചകള്‍ സന്ദര്‍ശിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്നു. തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് ചൂരല്‍കുത്തി ആശാന്മാര് കുട്ടികളെ ചുവട് വയ്പ്പിക്കുന്നു. ബാലന്മാരുടെ ഇടുപ്പില്‍ സ്വര്‍ണം വെള്ളി നൂലുകള്‍ കുത്തിയിറക്കുന്ന ചടങ്ങാണിത്. നരബലിയുടെ പ്രതീകാത്മകമായാണ് ഈ ചടങ്ങുനടത്തുന്നത്. മുന്‍പ് നേര്‍ത്ത ചൂരല്‍പാളി കുത്തിയിറക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.
ഇതിനുശേഷം ചൂരല്‍കുത്തിയഭാഗത്ത് എള്ളും താളി ഒഴിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് തിരുനടയില്‍ എത്തി നൂല് ഊരി അമ്മക്കുമുന്പില് സമര്‍പ്പിക്കും. ചൂരല്‍ മുറിയല്‍ ചടങ്ങ് കഴിഞ്ഞ് നെട്ടൂര്പ്പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രകുളത്തില്‍ സ്നാനം ചെയ്യിപ്പിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറുന്നതോടെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹത്തിനായി തിരുമുന്പില് വഴിപാടുകാരന് സമര്‍പ്പിച്ച കുത്തിയോട്ട വഴുപാടുകള്‍ക്കു സമാപനം കുറിക്കും.
രാവിലെ കുത്തിയോട്ട വരവിനുശേഷം വൈകിട്ട് മൂന്നു മുതല്‍ 13 കരക്കാരുടെയും കെട്ടുകാഴ്ച വരവ് ആരംഭിക്കും. ക്ഷേത്ര തിരുമുന്പില് ദേവിയെ ദര്‍ശിച്ച് അനുഗ്രഹം നേടി വൈകിട്ട് അഞ്ചുമണിയോടെ ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെ കരകളുടെ ക്രമം അനുസരിച്ച് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ അണിനിരക്കും. ദീപാരാധനക്കുശേഷം കുംഭഭരണി ഗ്രാന്റ് വിതരണ സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്യും. കണ്വന്ഷന് പ്രസിഡന്റ് ബി.ഹരികൃഷ്ണന് അധ്യക്ഷത വഹിക്കും.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നള്ളുന്ന ദേവി തെക്കെമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്പില് എത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു മടങ്ങുന്നതോടെ കുംഭഭരണി മഹോത്സവങ്ങള്‍ക്ക് സമാപനം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: