മട്ടാഞ്ചേരി: പൈതൃക നഗരിയെ പുളകച്ചാര്‍ത്തണിയിച്ച് നവവത്സരത്തിന് സ്വാഗതമേകിയുള്ള കാര്‍ണിവല്‍ റാലി ഇന്ന് നടക്കും. ഫോര്‍ട്ടുകൊച്ചി നഗരവീഥികളിലൂടെ ആയിരക്കണക്കിന് കാണികള്‍ക്ക് റാലി ദൃശ്യവിരുന്നൊരുക്കും. വാദ്യമേളങ്ങളും നാടന്‍പാട്ടുകളും കാവടി, തെയ്യം, ചവിട്ടുനാടകം, പരിചമുട്ട്കളി, കോല്‍കളി, അമ്മന്‍കുടം, ഏകാംഗ-സംഘ പ്രച്ഛന്നവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ റാലിക്ക് പകിട്ടേകും.
ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യ കവലയില്‍നിന്ന് തുടങ്ങി നാല്പതടി റോഡ്, ചീനവല സ്ക്വയര്വഴി പരേഡ് മൈതാനിയിലെത്തി സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ കൊച്ചി നഗരിയിലെ നവവത്സരാഘോഷത്തിന് തിരശ്ശീലവീഴും.
2015ന് വരവേല്പുമായുള്ള കൊച്ചി കാര്‍ണിവല്‍ റാലിയിലണിനിരക്കുന്ന ജനങ്ങള്‍ക്ക് സംഘാടകസമിതി കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജാതി-മത-രാഷ്ട്രീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന, ശാരീരിക-മാനസിക പൈതൃകങ്ങള്‍, സ്ത്രീവേഷംകെട്ടി ആഭാസകരമായ വേഷങ്ങള്‍ എന്നിവ റാലിയില്‍ അനുവദിക്കുന്നതല്ലെന്നും പ്ലോട്ടുകളുടെ ഉയരം 15 അടിയിലധികമാകരുതെന്നും നിര്‍ദ്ദേശിച്ചതായി സംഘാടകര്‍ അറിയിച്ചു. കാര്‍ണിവല്‍ റാലി പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും.
2014ന് വിടചൊല്ലി ഇന്നലെ രാത്രി 12ന് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി. മേളങ്ങളും അഭ്യാസ പ്രകടനങ്ങളുമായി തടിച്ചുകൂടിയ ജനാരവം നവവത്സര സന്ദേശമുയര്ത്തിയപ്പോള് പപ്പാഞ്ഞിയെ അഗ്നി കവര്‍ന്നെടുത്തു.
വിദേശികളുടെ സംഘം കാണികളായെത്തി ആഘോഷത്തെ ആവേശമാക്കിമാറ്റി. ഫോര്‍ട്ടുകൊച്ചിയുടെ നഗരവീഥികളും വീടുകളും ദീപാലംകൃതമാക്കിയും വേഷവിതാനങ്ങളൊരുക്കിയും നടന്ന ആഘോഷത്തിമിര്‍പ്പ് മണിക്കൂറുകള്‍ നീണ്ടുനിന്ന ഉത്സവമായി മാറി. നവവത്സരാഘോഷം സമാധാനപരമാക്കുവാന്‍ ഉന്നത പോലീസ് ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം സജീവമായി കര്‍മ്മനിരതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: