മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ ടൂറിസം വികസന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ തടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാന്‍ നടപടികളെടുക്കാന്‍ ടൂറിസം വികസനസമിതി യോഗം തീരുമാനിച്ചു. തടസ്സപ്പെട്ടുകിടക്കുന്ന വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഫോര്‍ട്ടുകൊച്ചി ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഫോര്‍ട്ടുകൊച്ചി വെളിമുതല്‍ ദ്രോണാചാര്യവരെയുള്ള നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇവിടെ സ്ഥാപിക്കാനുദ്ദേശിച്ച് മൂന്ന് ഫുട്കോര്‍ട്ടുകള്‍ നാവികസേനയുടെ അനുവാദത്തോടെ നിര്‍മ്മിക്കും. നടപ്പാതയില്‍ നടക്കുന്ന വാഹനപാര്‍ക്കിങ്ങിനെതിരെ നടപടി കൈക്കൊള്ളും. ഫോര്‍ട്ടുകൊച്ചിയിലെ കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം കോടതി നിര്‍ദ്ദേശാനുസരണം പൂര്‍ത്തിയാക്കും.
പരേഡ് മൈതാനസംരക്ഷണത്തിന് മരങ്ങള്‍ക്കുള്ള ഭീഷണി ഒഴിവാക്കി കാനനിര്മ്മിക്കുകയും മണ്ണിട്ട് ഉയര്‍ത്തി സംരക്ഷിക്കുകയും ചെയ്യും. ഇതിനായി 70 ലക്ഷം രൂപ നീക്കിവയ്ക്കുകയും ചെയ്തു. ചെറളായി ടിഡി ക്ഷേത്രംവക ഹരിശേണായ് ബംഗ്ലാവ്, പനയപ്പള്ളിയിലെ ചെമ്പിട്ടപ്പള്ളി എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കാനും ഇതിനായുള്ള 4.92 കോടിരൂപയുടെ പദ്ധതിക്ക് ടെന്‍ഡര്‍ നല്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, ടൂറിസം ഡയറക്ടര്‍ പി. ഐ. ഷെയ്ഖ് പരീത്, ജില്ലാ കളക്ടര്‍ രാജമാണിക്യം, മേയര്‍ ടോണി ചമ്മിണി, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ. ജെ. സോഹന്‍, സൗമിനി ജൈന്‍, ടി. കെ. അഷറഫ്, നഗരസഭാംഗം അഡ്വ. ആന്റണി കുരീത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: