ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി സൂചന. യുപിഎ സര്‍ക്കാര്‍ 2013ല്‍ അവതരിപ്പിച്ച നിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കിസാന്‍ സംഘ് ഉള്‍പ്പെടെയുള്ള വിവിധ കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതോടെയാണ് ചില ഭേദഗതികള്‍ വരുത്താന്‍ തീരുമാനമായത്. പുതിയ ഭേദഗതികള്‍ വരുത്തി ഭുമിയേറ്റെടുക്കല്‍,പുനരധിവാസ,നഷ്ടപരിഹാര നിയമം പാസാകുന്നതോടെ വികസന പദ്ധതികള്‍ക്കായി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് വലിയ പ്രയോജനങ്ങളാണ് ഉണ്ടാകുക. ഡിസംബര്‍ 29ന് പാസാക്കിയ ഓര്‍ഡിനന്‍സ് ഭേദഗതികളോടെ സഭയില്‍ അവതരിപ്പിക്കുമെന്ന സൂചന കേന്ദ്രമന്ത്രിസഭാംഗങ്ങളാണ് നല്‍കിയത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ശരിയായ നടത്തിപ്പ് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും കൂട്ടുത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വളരെയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് രാജ്യം ബജറ്റിനെ നോക്കിക്കാണുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം സഭയില്‍ യഥാവിധി ചര്‍ച്ചചെയ്യുമെന്ന് ഉറപ്പുനല്‍കുന്നതായും ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിനു ശേഷം മോദി പ്രതികരിച്ചു.
പാര്‍ലമെന്റില്‍ പ്രതിപക്ഷ സഹകരണം ഉറപ്പുവരുത്തുന്നതിനായി ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായി പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി കോണ്‍ഗ്രസ് സഹകരിക്കുമെന്ന് അദ്ധ്യക്ഷ ഉറപ്പു നല്‍കിയതായി വെങ്കയ്യ നായിഡു പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഭൂമിയേറ്റെടുക്കല്‍ നിയമം ചര്‍ച്ചാവിഷയമായെന്നും എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ചനടത്തിയ ശേഷമാണ് ബില്‍ അവതരിപ്പിച്ചതെന്ന് സോണിയാഗാന്ധിയെ അറിയിച്ചതായും വെങ്കയ്യ നായിഡു പറഞ്ഞു.
ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിലധികം അംഗങ്ങളുള്ള ഭരണപക്ഷത്തിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കഴിഞ്ഞ ശീതകാല സമ്മേളന നടപടിക്രമങ്ങള്‍ പ്രതിപക്ഷ ബഹളത്താല്‍ അട്ടിമറിക്കപ്പെട്ടിരുന്നു. അതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി സഭാ സമ്മേളനം ബഹളങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. പാട്ടക്കാലാവധി കഴിഞ്ഞ ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ കേന്ദ്രഓഫീസ് അടക്കം തല്ക്കാലം ഒഴിയേണ്ടതില്ലെന്നതുള്പ്പെടെയുള്ള വിട്ടുവീഴ്ചകള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: