ചെട്ടികുളങ്ങര: ഭക്തിയും കലയും കരുത്തും സംഗമിക്കുന്ന ഓണാട്ടുകരയുടെ വിശ്വോത്തര കെട്ടുകാഴ്ചകള്‍ ഭഗവതിക്കു മുന്പില് സമര്‍പ്പക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുതിരയുടെ ഇല്ലിത്തട്ടു കഴിഞ്ഞ് വെള്ളപിടിപ്പിക്കുന്ന പണികള്‍ ആരംഭിച്ചു. പ്രഭട മേല്‍ക്കൂടാരം, ഇടക്കൂടാരം എന്നിവ കയറ്റുന്ന ജോലികളാണ് ബാക്കിയുള്ളത്. ഈരേഴ തെക്ക് കരയില്‍ പ്രഭടക്കു പകരം ഭദ്രകാളി മുടിയാണ് കെട്ടുകാഴ്ചയിലുള്ളത്.
ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, പേള, നടയ്ക്കാവ് കരകളിലാണ് കുതിരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍, ആഞ്ഞിലിപ്ര, മേനാമ്പള്ളി കരകളിലെ തേരിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വെള്ള പിടിപ്പിക്കുന്നതു വരെ പൂര്‍ത്തിയായി. ഇനി തൂക്കുപിടിപ്പിക്കുക, കുറ്റിയറ മറക്കല്‍, മേല്‍ക്കൂടാരം കയറ്റല്‍ തുടങ്ങിയ അവസാനഘട്ട പ്രവൃത്തികളാണ് ബാക്കിയുള്ളവ. മറ്റം വടക്ക് കരയില്‍ ഭീമന്റെയും മറ്റം തെക്ക് കരയില്‍ ഹനുമാന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമക്കുന്നു.
കരകളില്‍ നടക്കുന്ന കെട്ടുകാഴ്ച നിര്‍മ്മാണങ്ങള്‍ കാണുന്നതിനും വഴുപാടുകള്‍ സമര്‍പ്പിക്കുന്നതിനും നിരവധി ഭക്തരാണ് എത്തുന്നത്. കരകളിലെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ട് കഞ്ഞിവഴിപാടിലും പങ്കെടുത്താണ് ഭക്തര്‍ മടങ്ങുന്നത്. കുത്തിയോട്ട വീടുകളില്‍ ഫെബ്രുവരി 22ന് ഭഗവതിക്ക് പൊലിവ് നടക്കും. 23ന് വിശ്രമദിനമാണ്. 24ന് രാവിലെ ആറു മുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലെത്തി ചൂരല്‍ മുറിയും. വൈകിട്ട് നാലിന് മണിയോടെയാണ് കരകളുടെ ക്രമം അനുസരിച്ച് വിശ്വോത്തര കെട്ടുകാഴ്ചകള്‍ അമ്മക്കു മുന്പില് സമര്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: