നിഗൂഢവും കാരുണ്യരഹിതവുമായ ജീവിതാവസ്ഥകളോട് ഒരു വ്യക്തി എപ്രകാരം പ്രതികരിച്ചുവെന്നും തങ്ങളുടേതല്ലാത്ത കാരണത്താല്‍ സമൂഹത്തില്‍ അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് തണലും പ്രത്യാശയുമായി മാറിയെന്നുമുള്ള അനുകരണീയ മാതൃകയാണ് സദാശിവ ഗോവിന്ദ കാത്രെ. മധ്യപ്രദേശിലെ ചമ്പായില്‍ നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ അകലെ ബംഹനീടി റോഡില്‍ സോഠി എന്ന സ്ഥലത്ത് കാത്രെജി സ്ഥാപിച്ച ഭാരതീയ കുഷ്ഠ നിവാരണ സംഘം വളര്‍ന്ന് രാഷ്ട്രജീവിതത്തിന് തനതായ സംഭാവനകള്‍ നല്കി വരുന്നു.
കുഷ്ഠരോഗത്തില്‍ നിന്നും മോചിതനായി സ്വയം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി ജീവിതമുഴിഞ്ഞുവച്ചതിനാല് രണ്ടാമതും രോഗബാധിതനായ ആ നിഷ്കാമചര്യയുടെ അകക്കാഴ്ച ഏതൊരു ശിലാഹൃദയത്തേയും അലിയിക്കാന്‍ പോന്നതാണ്.
ഇപ്രകാരമൊരാള് നമുക്കിടയിലുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെടുത്തുംവിധം അവിശ്വസനീയമായിരുന്നു ആ ജീവിതം. പക്ഷേ അവശരും ദീനരുമായവര്ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുക എന്നത്, നമ്മുടെ നാടിന്റെ ആത്യന്തിക ലക്ഷ്യവും ആത്മീയതയാല്‍ ഉള്‍പ്രേരിതമായ സ്വഭാവവുമാണ് എന്നോര്‍മിക്കുമ്പോള്‍ അത്ഭുതം ആരാധനയ്ക്ക് വഴിമാറുന്നതറിയുന്നു.
സമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന കുഷ്ഠരോഗികളെ സ്നേഹപൂര്‍വ്വം ശുശ്രൂഷിക്കുകയും അവര്‍ക്ക് ഉപജീവനത്തിനുവേണ്ട വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുന്നതിന് കാത്രെജിക്ക് മാര്‍ഗ്ഗദീപമായത് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന പൂജനീയ ഗുരുജിയായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
തപോനിഷ്ഠമായ ആ സഫലജീവിതം കാത്രെജിയെ എത്രമാത്രം സ്വാധീനിച്ചുവെന്ന് വാക്കുകളിലൂടെ അനുവാചക ഹൃദയത്തില്‍ പകരുവാന്‍ ഈ പുസ്തകത്തിന്റെ രചയിതാവ് സുനില്‍ കിര്വയീക്ക് കഴിഞ്ഞിരിക്കുന്നു.
സ്നേഹസ്നിഗ്ധവും ആര്‍ദ്രവുമായ ഭാഷയില്‍ ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ പി.ജി. സാബുവും പ്രസാധകരായ കുരുക്ഷേത്രയും അഭിനന്ദനമര്‍ഹിക്കുന്നു.
സദാശിവ ഗോവിന്ദ കാത്രെ
സേവനത്തിന്റെ ആള്‍രൂപം
സുനില്‍ കിര്വയീ
വിവ: പി.ജി. സാബു
പ്രസാധകര്:
കുരുക്ഷേത്ര പ്രകാശന്
പേജ്: 64
വില : 50 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: