മാന്നാര്‍: ചെന്നിത്തലയില്‍ പേപ്പട്ടി കടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. മഹാത്മാ സ്കൂള്‍ വിദ്യാര്‍ത്ഥിനി അതുല്‍ ഭവനം ലക്ഷ്മി (13), കൃഷ്ണവിലാസം പുത്തന്‍വീട്ടില്‍ പി.എന്‍. ഗോപകുമാര്‍ (28), ചക്കനാട്ട് പ്രശാന്തിയില്‍ രാധമ്മ (60), ചാലെ വടക്കേതില്‍ തങ്കമ്മ (55), സതി പാറാട്ടുശേരില് (50) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പിന്നീട് പശുവിനെയും വളര്‍ത്തു നായ്ക്കളെയും പേപ്പട്ടി ആക്രമിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നിത്തല മഹാത്മാ ഗേള്‍സ് ഹൈസ്കൂളിനു സമീപമായിരുന്നു സംഭവം. ജങ്ഷനു തെക്കുഭാഗത്തുള്ള വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടി തുടല് പൊട്ടിച്ചെത്തി വഴിയാത്രക്കാരെയും വീടിനു മുന്പില് നിന്നവരെയും ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം മായരുമഠത്തില് കൃഷ്ണന് നമ്പൂതിരിയുടെ പശു, സമീപമുള്ള വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ എന്നിവയെയും ആക്രമിച്ചു.
പേപ്പട്ടിയെ പിന്നീട് നാട്ടുകാര്‍ സംഘടിച്ച് തല്ലിക്കൊന്നു. എത്തി പരിശോധന നടത്തിയ ശേഷം തിരുവല്ലയിലെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ഇവിടെ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ പട്ടിക്ക് പേവിഷം ബാധിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ കടിയേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടി കടിച്ച വളര്‍ത്തു മൃഗങ്ങളെ വെറ്റിനറി ഡോക്ടര്‍ പരിശോധന നടത്തി. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ് നല്കിയ ശേഷം നിരീക്ഷണം നടത്തും.
കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ക്ഷീര കര്‍ഷകന്റെ നാല് ആടുകള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. തെരുവുനായ്ക്കളെ നശിപ്പിക്കുന്നതില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചത്ത ആടുകളുമായി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തെരുവുനായ്ക്കളുടെ വര്‍ദ്ധനവ് തടയാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തിരുന്നു. ചെന്നിത്തലയില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവ്നായ ശല്യത്തിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: