ആലപ്പുഴ: ദേശീയ ഗെയിംസ് വേദിയായ വേമ്പനാട്ടുകായലില്‍ ഫെബ്രുവരി അഞ്ചിന് ചുണ്ടന് വള്ളങ്ങളുടെ പ്രദര്‍ശന-മത്സര വള്ളംകളി സംഘടിപ്പിക്കും. നെഹ്റു ട്രോഫി ബോട്ട്റേസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. റോവിങ് മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് കാരിച്ചാല്‍, സെന്റ് ജോര്‍ജ്, സെന്റ് പയസ്, പുളിങ്കുന്ന് എന്നീ ജലരാജാക്കന്മാരുടെ പ്രകടനം നടത്തുക. മത്സരങ്ങള്‍ നടക്കുന്ന ട്രാക്കില്ത്തന്നെയാകും ചുണ്ടന്മാര് അണിനിരക്കുക. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വള്ളങ്ങള്‍ പരിശീലന തുഴച്ചില്‍ ആരംഭിച്ചു. ഗെയിംസിലെ മത്സര ഇനങ്ങളിലെന്നപോലെ ദൂരദര്‍ശനിലൂടെ വള്ളംകളി ലോകംമുഴുവന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
റോവിങിന്റെ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ചാല്‍ ചുണ്ടന് വള്ളങ്ങളുടെ മാസ്ഡ്രില്‍ നടക്കും. തുടര്‍ന്ന് വഞ്ചിപ്പാട്ടുകള്‍ പാടിക്കൊണ്ട് ജലരാജാക്കന്മാരുടെ പ്രദര്‍ശന തുഴച്ചില്‍. അതിനുശേഷമാണ് ചുണ്ടന് വള്ളങ്ങളുടെ മത്സരത്തുഴച്ചില്‍ നടക്കുന്നത്. വിജയിക്ക് 50,000 രൂപ സമ്മാനമായി നല്‍കും. ദേശീയ ഗെയിംസ് നടത്തിപ്പു കമ്മറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് നെഹ്റു ട്രോഫി ബോട്ട്റേസ് സൊസൈറ്റി പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നതെന്ന് ചെയര്മാന് കൂടിയായ കളക്ടര്‍ പി.എന്‍. പത്മകുമാര്‍ അറിയിച്ചു. കയാക്കിങ്, കനോയിങ് മത്സരങ്ങള്‍ അവസാനിക്കുന്ന പതിമൂന്നി നും പ്രദര്‍ശന വള്ളംകളി നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: