കൊല്ലം: പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഗര്‍ഭിണിയായ ഭാര്യയും നവജാതശിശുവും മരിച്ചത് ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ച് തലവൂര്‍ പാണ്ടിത്തിട്ട സ്വദേശിയായ യുവാവ് രംഗത്ത്.
കഴിഞ്ഞ 16നാണ് വയറുവേദനയെ തുടര്‍ന്ന് വിനയന്റെ ഭാര്യ പ്രബിത (29) നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പ്രസവവേദനയല്ല മറിച്ച് ടെന്‍ഷന്‍ കൊണ്ടുള്ള വേദനയാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ വേദന കുറയാതെ വന്നപ്പോള്‍ ലേബര്‍ റൂമില്‍ കയറ്റി ഇഞ്ചക്ഷന് നല്കി. സ്കാനിങും നടത്തി. ഉച്ചയ്ക്ക് 12നായിരുന്നു ഇത്. അതിനുശേഷവും വേദന കുറയാതെ വന്നപ്പോള്‍ രണ്ടുമണിയോടെ വീണ്ടും ലേബര്‍ റൂമില്‍ കയറ്റി. അതിനുശേഷം നടന്നിട്ടുള്ള ചികിത്സകളെപ്പറ്റി ആര്‍ക്കും അറിവില്ല.
വൈകിട്ട് ആറുമണിയോടെ നഴ്സ് പുറത്തുവരികയും കുഞ്ഞിനുവേണ്ടി വെള്ളത്തുണിയും മറ്റും ആവശ്യപ്പെട്ടു. കുറച്ചുസമയത്തിനുശേഷം പുറത്തുവന്ന ഡോക്ടര്‍ പ്രബിതക്ക് അപസ്മാരമുണ്ടോയെന്ന് ബന്ധുക്കളോട് അന്വേഷിച്ചു. ഇല്ലെന്ന് മറുപടി ലഭിച്ചശേഷം ഡോക്ടര്‍ തിരികെ അകത്തേക്ക് പോയി. പിന്നീട് രാത്രി എട്ടിനോടെ ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തുകയും പ്രബിതയെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ അറിയിക്കുകയായിരുന്നു.
ഒരു ഗര്‍ഭിണിയെ കൊണ്ടുപോകുന്ന വിധത്തിലല്ല ആംബുലന്‍സിലെ ക്രമീകരണങ്ങള്‍. നാക്ക് കടിച്ചുപിടിച്ച രീതിയിലായിരുന്നു പ്രബിത. കവിളുകളില്‍ തൊട്ടപ്പോള്‍ തണുത്തുവിറങ്ങലിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലെത്തിച്ചപ്പോള് പരിശോധന നടത്തിയ ഡ്യൂട്ടി ഡോക്ടര്‍ പ്രബിത കൃത്രിമശ്വാസം സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു.
ഡോക്ടറുടെ അനാസ്ഥമൂലമാണ് ഭാര്യയും ഗര്‍ഭസ്ഥശിശുവും മരണപ്പെട്ടതെന്ന് തനിക്ക് ഉത്തമബോധ്യമുണ്ടെന്ന് വിനയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുമ്പും പലതവണ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഇത്തരത്തില്‍ അമ്മയും കുഞ്ഞും മരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയും ഗിന്നസ് റിക്കോര്‍ഡ് നേടാനുള്ള മത്സരവുമാണ് കാരണമെന്നും വിനയന് ചൂണ്ടിക്കാട്ടി. തന്റെ അനുഭവം ഇനിമേലില്‍ ആര്‍ക്കും വരാതിരിക്കാനാണ് നിയമനടപടികളിലേക്ക് പോകുന്നതെന്ന് വിനയന് പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ എംപി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: