നാദാപുരം(കോഴിക്കോട്): നാദാപുരത്ത് ലീഗ് സിപിഎം സംഘര്‍ഷം. വ്യാഴാഴ്ച രാത്രി നടന്ന മുസ്ലിംലീഗ് അക്രമത്തില്‍ ഒരു സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ വ്യാപക സംഘര്‍ഷമാരംഭിച്ചത്. തൂണേരി പഞ്ചായത്തിലെ വെള്ളൂര്‍ കണ്ണങ്കൈയിലാണ് മുസ്ലിം ലീഗ് അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകനായ ചടയന്‍ കണ്ടി ഷിബിന്‍ (19) കൊല്ലപ്പെട്ടത്. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നാല് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.
നെഞ്ചിലും കഴുത്തിലും വാളുകൊണ്ട് മാരകമായി വെട്ടേറ്റ ഷിബിനിനെ ആദ്യം വടകര സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരിയിലാട്ട് രഗില്‍ (22), ഈശ്വരംവലിയത്ത് ലിനീഷ് (22), പുത്തലത്ത് അഖില്‍ (23), മീത്തലെ പിള്ളാണ്ടി അനീഷ്(30), വട്ടക്കുനി വിജീഷ് (26), എന്നിവരെ വെട്ടേറ്റ പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയിലും കരുവാന്റവിട രാജേഷിനെ(24) പുറത്ത് കത്തികൊണ്ട് കുത്തേറ്റ നിലയില്‍ തലശ്ശേരി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ വിജീഷും രാജേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. വെള്ളൂര്‍ എല്‍പി സ്കൂളിന് സമീപം വ്യാഴാഴ്ച രാത്രി പത്തര മണിയോടെയാണ് സംഭവം.
റോഡില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ സംഘമായെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ പലര്‍ക്കും വാളുകൊണ്ടും കത്തികൊണ്ടും വെട്ടേറ്റു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെള്ളൂര്‍ ഭാഗത്ത് പോസ്റ്ററുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ അക്രമം. പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പട്ട തൂണേരി തെയ്യമ്പാടി വീട്ടില്‍ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
ഷിബിനിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തൂണേരിയിലെത്തിയതോടെ വ്യാപക അക്രമം നടന്നു. രണ്ട് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നിരവധി വീടുകള്‍ക്ക് തീയിട്ടു. വെട്ടേറ്റ ഒന്തത്ത് ഉല്ലാസ്, പുതിയോട്ടില്സത്യന് എന്നിവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് വ്യാപകമായ തീവെപ്പും ബോംബേറും നടന്നു. മനീന്റവിട അബ്ദുള്ളയുടെ വീടിന് അക്രമികള്‍ ബോംബറിഞ്ഞ് തീവെച്ചു. വെള്ളാട്ട് താഴക്കുനി അബുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക്തീവെച്ച് നശിച്ചു. കൊലപാതകകേസിലെ പ്രതിയായ ഇസ്മയിലിന്റെ വീട് പൂര്‍ണ്ണമായും തകര്‍ത്തു. സുശക്തമായ പോലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ടെങ്കിലും അക്രമം അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഷിബിനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളൂര്‍ സ്വദേശികളായ കളമുള്ളതില്‍ ശുഹൈബ്, മനീന്റവിട അനീസ്, തൂണേരി സ്വദേശികളായ വരാങ്കിതാഴക്കുനി സിദ്ധിക്ക്, കാട്ടുമാടത്തില്‍ അസീബ് എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇവരില്‍ രണ്ടു പേരെ വീടിനുള്ളില്‍ ഒളിച്ച് ഇരിക്കുന്നതിനിടയിലും മറ്റു രണ്ടു പേരെ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ വടകരക്ക് അടുത്ത് തിരുവെള്ളൂരില്‍ വെച്ചുമാണ് പിടികൂടിയത്. പ്രതികള്‍ അക്രമത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: