തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളേജിന് വീരേന്ദ്രകുമാറിന്റെ കുടുംബ ട്രസ്റ്റായ ചന്ദ്രപ്രഭ ട്രസ്റ്റ് സര്‍ക്കാരിന് ‘ദാനം’ നല്കുന്ന 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമി. വ്യാജ പട്ടയത്തിലൂടെ കൈക്കലാക്കിയ 230 ഏക്കറില്‍ നിന്നാണ് ട്രസ്റ്റ് സര്‍ക്കാരിന് ഭൂമി നല്‍കുന്നത്.
ട്രസ്റ്റ് വിട്ടുനല്‍കുന്ന ഭൂമി മെഡിക്കല്‍ കോളേജിന് വിലകൊടുത്തുവാങ്ങാന് ധാരണയായിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും വ്യാജപട്ടയമാണെന്നും ചൂണ്ടിക്കാട്ടി ലാന്റ് ബോര്‍ഡ് എതിര്‍ത്തതോടെ ട്രസ്റ്റുമായി രഹസ്യധാരണയുണ്ടാക്കി ‘ദാനം’ നല്കല് ചടങ്ങിന് സര്‍ക്കാര്‍ സമ്മതം മൂളുകയായിരുന്നു.
വൈത്തിരി കോട്ടത്തറവില്ലേജിലെ 230 ഏക്കറാണ് വീരേന്ദ്രകുമാറിന്റെ ബന്ധുവായ എം.ജെ. വിജയപത്മന്‍ പ്രസിഡന്റും ബന്ധുക്കളായ നമിതാ വിജയപത്മന്‍, എം.കെ. ദിനചന്ദ്രന്, എം.കെ.വിവേക് തുടങ്ങിയവര്‍ അംഗങ്ങളുമായ ട്രസ്റ്റിനുള്ളത്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ(യുകെ) കൈവശമുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന 2804/1923, 2805/1923 ആധാരങ്ങളില്പ്പെട്ട വിവാദഭൂമിയാണ് ട്രസ്റ്റ് അഞ്ച് വ്യാജപട്ടയങ്ങളിലൂടെ സ്വന്തമാക്കിയത്. ഇതേ ആധാരത്തില്‍പ്പെട്ട ഭൂമിയാണ് വയനാട്ടില്‍ ഹാരിസണ്‍ കൈവശം വച്ചിരിക്കുന്നതും.
ഈ 230 ഏക്കര്‍ ഭൂമിയില്‍ കോട്ടത്തറയിലെ സര്‍വ്വെ നമ്പര്‍ 1058ല്‍ പെടുന്ന 105.44 ഏക്കറില്‍ നിന്നാണ് 50 ഏക്കര്‍ സൗജന്യമായി നല്‍കിയത്. 1984 ലാണ് കല്‍പ്പറ്റ ലാന്റ് ട്രൈബ്യൂണല്‍ ഈ ഭൂമിക്ക് പട്ടയം അനുവദിച്ചത്. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചാണ് അഞ്ച് പട്ടയങ്ങള്‍ വഴി ട്രസ്റ്റിന് അവകാശം സ്ഥാപിച്ചുകൊടുത്തത്. ഭൂപരിഷ്കരണ നിയമ പ്രകാരം കുടിയാന്മ തെളിയിച്ച് പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം മിച്ചഭൂമി കൈമാറാന്‍ ലാന്റ് ബോര്‍ഡിന് സത്യവാങ്മൂലം നല്‍കുകയും നിയമാനുസൃതം കൈവശാവകാശം വയ്ക്കാവുന്ന ഭൂമി (15 ഏക്കര്‍) കഴിച്ചുള്ളവയില്‍ തോട്ടഭൂമി ഉണ്ടെങ്കില്‍ ലാന്റ് ബോര്‍ഡില്‍ നിന്ന് ഇളവ് നേടിയെടുക്കുകയും വേണം.എന്നാല്‍ ട്രസ്റ്റ് താലൂക്ക് ലാന്റ് ബോര്‍ഡില്‍ നിന്ന് പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഇളവ് നേടിയെടുക്കുകയും പിന്നീട് കുടിയാനാണെന്ന് പറഞ്ഞ് പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയുമായിരുന്നു.
വിചിത്രമായ വസ്തുത 1964 മുതല്‍ 1970 വരെയാണ് 1964 മുമ്പുള്ള ഭൂമിയുടെ കാര്യത്തില്‍ കുടിയാന്മ സ്ഥാപിച്ചെടുക്കാനാവുക. 1964ജനുവരി ഒന്നു മുതല്‍ 1970ജനുവരി ഒന്നു വരെ ലാന്റ് ട്രൈബ്യൂണല്‍ വഴി ക്രയവില ഒടുക്കി ജന്മിയില് നിന്ന് പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
70ലും ഇത്തരത്തില്‍ പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവര്‍ക്ക് 70നുശേഷം മൂന്നുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്നും പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. ഈ നിയമം മറയാക്കിയാണ് 1984 ല്‍ കുടിയാന്മ സ്ഥാപിച്ച് ചന്ദ്രപ്രഭ ട്രസ്റ്റ് പട്ടയം സ്വന്തമാക്കിയത്. ഒരാള്‍ക്കോ ട്രസ്റ്റിനോ പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശം വയ്ക്കാവൂ എന്ന നിയമം നിലനില്‍ക്കേ 230 ഏക്കറിന് എങ്ങനെ പട്ടയം നല്കിയെന്നതും വിചിത്രമാണ്. സര്‍ക്കാര്‍ ഇളവ് നല്കിയ തോട്ടഭൂമി മറിച്ചുവില്‍ക്കാനാവില്ല. ഇതെല്ലാം മറികടന്നാണ് വ്യാജപട്ടയം നേടി സര്‍ക്കാരില്‍ നിന്ന് തന്നെ കോടികള്‍ ഈടാക്കി ഭൂമി വില്ക്കാന് ട്രസ്റ്റ് നീക്കം നടത്തിയത്. എന്നാല്‍ ഈ നീക്കം നിയമവിരുദ്ധമാണെന്ന് ലാന്റ് ബോര്‍ഡ് കണ്ടെത്തുകയും വ്യാജപട്ടയം റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ലാന്റ് ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
പട്ടയം റദ്ദ് ചെയ്യാന്‍ കേസ് ഫയല്‍ ചെയ്യണമെന്നും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് വയനാട് കളക്ടര്‍ക്ക് 2013 ഒക്ടോബര്‍ 26ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ലാന്റ് സെക്രട്ടറിയുടെ ഉത്തരവടങ്ങിയ ഫയല്‍ പിന്നീട് വെളിച്ചം കണ്ടില്ല.
ഇതിനിടെയാണ് 50 ഏക്കര്‍ സര്‍ക്കാരിന് ദാനം നല്‍കാമെന്നും പകരം ചില സൗകര്യങ്ങള്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാരുമായി ട്രസ്റ്റ് ധാരണയിലെത്തിയത്. മെഡിക്കല്‍ കോളേജ് ഗവേണിംഗ് ബോഡിയില്‍ അംഗത്വം, മെഡിക്കല്‍ സീറ്റുകള്‍ എന്നിവ ‘ദാന’ത്തിനു പകരമായി നല്‍കണമെന്നാണ് അലിഖിത ധാരണയെന്നാണ് സൂചന. സര്‍ക്കാരിന് വിട്ടു നല്കിയ ഭൂമിയില്‍ നിന്നും നിയമവിരുദ്ധമായി അഞ്ച് കോടിയിലേറെ വരുന്ന മരങ്ങള്‍ ട്രസ്റ്റ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: