ആലപ്പുഴ: പോലീസിനെ അക്രമിച്ച കേസിലെ പ്രതിയായ സിപിഎം ഗുണ്ടാസംഘാംഗത്തെ റിമാന്‍ഡു ചെയ്തു. പുന്നപ്ര വടക്കുപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ വലിയ വീട്ടില്‍ ജോമോനെ (ജോണ്സണ്-27)യാണ് അമ്പലപ്പുഴ മജിസ്ട്രേറ്റു കോടതി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. പറവൂര്‍ ഷാപ്പു മുക്കിനു പടിഞ്ഞാറു ഭാഗത്തായി ഈയാളും സംഘവും ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി പ്രകോപനം സൃഷ്ടിക്കുന്നു എന്നറിഞ്ഞെത്തിയ പുന്നപ്ര എസ്ഐ: സാം മോഹനോടൊപ്പമുണ്ടായിരുന്ന എഎസ്ഐ: അപ്പുക്കുട്ടനെ കരിങ്കല്‍ ചീളുകള്‍ കൊണ്ട് എറിഞ്ഞ് തലക്കു ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പുക്കുട്ടനെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് ജോമോനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈയാള്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിച്ചു പരിക്കേല്‍പ്പിക്കുക, വധിക്കാന്‍ ശ്രമിക്കുക, സംഘം ചേര്‍ന്ന് അക്രമിക്കുക തുടങ്ങിയ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കൂട്ടുപ്രതികളായ ബൊമ്മ ജോസ്, അപ്പാപ്പന് പത്രോസ്, പളുങ്കന്‍ എന്നിവരുള്‍പ്പെടെ ഒളിവില്‍ കഴിയുന്ന അഞ്ചോളം പ്രതികള്‍ക്കുവേണ്ടി സൗത്ത് സിഐ: ഷാജിമോന്‍ ജോസഫ്, എസ് ഐ സാം മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പുന്നപ്ര പോലീസ് പറഞ്ഞു. ഇവര്‍ മുന്‍ എസ്ഐ: ടി.കെ. സന്ദീപിനെയും സിവില്‍ പോലീസ് ഓഫീസര്‍ റിയാസ് ഉള്‍പ്പെടെ മുന്നുപോലീസുകാരെ അക്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്.
കഴിഞ്ഞ കുറേനാളുകളായി ഗലീലിയ കടല്‍ത്തീരത്ത് നിന്ന് മത്സ്യം എടുക്കാനെത്തുന്ന വാഹന ഉടമകളെ സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള ഈ സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. നാട്ടുകാരെ ഭീഷണിപ്പെടുത്തി ഇവര്‍ ഗുണ്ടാപിരിവും ഈടാക്കിയിരുന്നു. ഇവരുടെ അക്രമം ഭയന്നാണ് പലരും പോലീസില്‍ പരാതിപ്പെടാന്‍ തയാറാകാതിരുന്നത്. ഏതാനും മാസം മുമ്പ് തീവണ്ടികള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഇതേ സംഘമാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: