പത്തനാപുരം: തലവൂര്‍ തൃക്കൊന്നമര്‍ക്കോട് ദേവിക്ഷേത്രത്തില്‍ ആയിരങ്ങള്‍ പൊങ്കാലസമര്‍പ്പണം നടത്തി. രാവിലെ തന്നെ ക്ഷേത്രത്തിരുമുറ്റവും പരിസരവും പൊങ്കാലയര്‍പ്പിക്കാന്‍ എത്തിയ ഭക്തജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. ഏഴുമണിയോടെ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ആര്.ബാലകൃഷ്ണപിള്ള പൊങ്കാല മഹോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.
തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി നാരായണന് നമ്പൂതിരി ഭണ്ഡാരഅടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ ആയിരക്കണക്കിന് പൊങ്കാലയടുപ്പുകളില്‍ അഗ്നി ജ്വലിച്ചു. ഭക്തര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളായിരുന്നു ദേവസ്വം ഭരണസമിതി ഒരുക്കിയിരുന്നത്. ഭക്തരുടെ സൗകര്യാര്‍ത്ഥം കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ തുടങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ബസ് സര്‍വീസും ഭക്തരുടെ സുരക്ഷയ്ക്കായി പത്തനാപുരം സിഐ ആര്.ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സേവനവുമുണ്ടായിരുന്നു.
ആര്‍എസ്എസ് തലവൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ചുക്കുകാപ്പി വിതരണം ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ തലവൂര്‍ ദേവിവിലാസം സ്കൂളിലെ എന്‍സിസി കേഡറ്റുകളും ഭക്തരുടെ സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിരുമുറ്റം ഗ്രൗണ്ട്, സ്കൂള്‍ പരിസരം, കുന്നിക്കോട്, പട്ടാഴി റോഡുവശം എന്നിവിടങ്ങളിലായാണ് പൊങ്കാലയടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പൊങ്കാല മഹോത്സവത്തിന്റെ ഉദ്ഘാടനചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വടക്കോട് ബാലകൃഷ്ണന്, ഗംഗാധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: