ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ സിപിഎം ആക്രമണം തുടരുന്നു. ജോലിക്ക് പോകുകയായിരുന്ന ബിഎംഎസ് ഹെഡ്ലോഡ് തൊഴിലാളിയെയും ഭാര്യയെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. ഇവരെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടക്കരപ്പള്ളി കോര്‍ത്തുശേരി ലക്ഷംവീട് കോളനിയില്‍ ഭരതന്റെ മകന് സനല്‍കുമാര്‍ (35), ഭാര്യ ബോഷ്യ(29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ചേര്‍ത്തല തങ്കിക്കവലയ്ക്ക് സമീപമായിരുന്നു സംഭവം. ചേര്‍ത്തലയിലേക്ക് ജോലിക്കുപോകുകയായിരുന്ന സനലിന്റെ വാഹനം തടഞ്ഞുനിര്‍ത്തി 16 അംഗ സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബോഷ്യ തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമികള്‍ ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചു. സനല്‍കുമാറിന് കൈക്കും, കാലിലും, മുതുകിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമീപത്തെ വിവാബ വീട്ടിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. ആര്‍എസ്എസ് അനുഭാവികളായ വടക്കേക്കര ലക്ഷംവീട് കോളനിയില്‍ അജയന് (50), ഭാര്യ സുലഭ(40) എന്നിവര്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎമ്മുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന്റെ പേരില്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവന് ഭീഷണിയിലാണെന്ന് തെളിയിക്കുന്നതാണ് സനല്കുമാറിനും ഭാര്യയ്ക്കും വെട്ടേറ്റ സംഭവം.
പാര്‍ട്ടി ഗ്രാമമായ വട്ടക്കരയിലും സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി സിപിഎമ്മുകാരാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേരുന്നത്. ചില സിപിഎമ്മുകാരുടെ നേതൃത്വത്തിലുള്ള മയക്കുമരുന്നു മാഫിയയും ഇവിടെ സജീവമാണ്. ഇതിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. ഇതാണ് സിപിഎം ഗുണ്ടകളെ ചൊടിപ്പിച്ചത് എന്നാണ് ജനസംസാരം. ആക്രമണം അഴിച്ചുവിടുന്ന സിപിഎമ്മുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: