ചേര്‍ത്തല: സ്വകാര്യ ബസ് സ്റ്റാന്‍ഡ് മാലിന്യക്കൂമ്പാരമായി മാറുന്നു. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കും തൊഴിലാളികള്ക്കുമൊക്കെയായി സ്ഥാപിച്ചിരിക്കുന്ന പൊതുശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിയതോടെ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം കാരണം മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ബസ് സ്റ്റാന്‍ഡിനെ ആശ്രയിച്ച് കച്ചവടം നടത്തുന്നവര്‍ക്കും ദിവസേന സ്റ്റാന്‍ഡിലെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും ദുര്‍ഗന്ധം സഹിച്ചാണ് സമയം തള്ളിനീക്കുന്നത്. മഴപെയ്തു കഴിഞ്ഞാല്‍ പിന്നെ ഈ മാലിന്യങ്ങള്‍ റോഡിലാകെ ഒഴുകി പരക്കും. അഴുക്കു നിറഞ്ഞ വെള്ളത്തില്‍ ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം യാത്രക്കാരെത്തുന്ന സ്റ്റാന്‍ഡില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സൗകര്യം പരിമിതമാണെന്ന പരാതി ഉയരുന്നതിനിടയിലാണ് ഉള്ള സൗകര്യങ്ങള്‍ തന്നെ ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ലക്ഷങ്ങള്‍ മുടങ്ങി ഇവിടെ നിര്‍മ്മിച്ച ഈ ടോയ്ലറ്റും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മ കാരണം ഇതുപയോഗിക്കുവാന്‍ സാധാരണക്കാര്‍ തയ്യാറാകുന്നില്ല. ഇപ്പോള്‍ ഈ ടോയ്ലറ്റിന്റെ സമീപമാണ് കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
ആയിരക്കണക്കിന് പൊതുജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കിന്റെ ചോര്‍ച്ച അടച്ച് മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാനാണ് ബസ്ജീവനക്കാരുടേയും വ്യാപാരികളുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: